ഉടുതുണിയില്ലാ കള്ളനെ പൊക്കി പൊലീസ് | KNews


 

പാലക്കാട് : പൂര്‍ണ നഗ്നനായി വീടുകള്‍ക്ക് സമീപം എത്തുന്നത് പതിവ്. വാതില്‍ പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമം. പരാജയപ്പെട്ടാല്‍ ജനല്‍പാളി തുറന്ന് പഴ്സും മൊബൈലും കൈയില്‍ കിട്ടുന്ന വിലകൂടിയ സാധനങ്ങളെല്ലാം കവരും.

 തുണിയില്ലാക്കള്ളന്‍ പലയിടത്തും കവര്‍ച്ച ലക്ഷ്യമാക്കി പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷണം മാത്രമല്ല വീട്ടുകാരെ നഗ്നത കാണിക്കുന്ന കള്ളനെ എങ്ങനെയെങ്കിലും പിടികൂടണമെന്ന് പൊലീസ് ഉറപ്പിച്ചു. 

വിശദമായ അന്വേഷണത്തിനൊടുവില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കള്ളനെ പൊക്കി. മരുതറോഡ് പഞ്ചായത്തിലെ ചെമ്പലോട് സ്വദേശി മോഹനന്‍ എന്ന മോഹന്‍ദാസ്.

 വര്‍ഷങ്ങളായി കവര്‍ച്ച പതിവാക്കിയിരുന്ന നാട്ടുകാരന്‍. പക്ഷേ തുണിയില്ലാതെ വീടുകള്‍ക്ക് സമീപമെത്തുന്ന രീതി പരീക്ഷിച്ചത് അടുത്തിടെയാണ്. വിവസ്ത്രനായി മുഖം മറച്ച് നീങ്ങുമ്പോഴും ഇടയ്ക്കിടെ എവിടെയോ മോഹനന്റെ മുഖം തെളിഞ്ഞത് വിനയായെന്ന് ചുരുക്കം.

നാട്ടിലെ വീടുകളില്‍ നിന്ന് കവരുന്നതൊന്നും കേരളത്തില്‍ ചെലവഴിക്കില്ലെന്ന നിര്‍ബന്ധം മോഹന്‍ദാസിനുണ്ട്. കവര്‍ച്ചയില്‍ മൂല്യമള്ള സാധനങ്ങള്‍ കിട്ടിയാല്‍ ഉടന്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറും.

 കിട്ടുന്ന പണം മദ്യത്തിനും മറ്റ് പല വൈകൃതങ്ങള്‍ക്കുമായി ഉപയോഗിക്കും. പിന്നീട് നാട്ടില്‍ തിരിച്ചെത്തും. ഒന്നുമുണ്ടായില്ലെന്ന മട്ടില്‍ വീട്ടില്‍ തങ്ങി വീണ്ടും മോഷണം തുടരും. ഇതായിരുന്നു പതിവ് രീതി.

 പലതവണ പൊലീസിന്റെ പിടിയിലായയിട്ടുണ്ട്. ജയിലിന് പുറത്തിറങ്ങിയാലും ചെറിയ ഇടവേളയ്ക്ക് ശേഷം ഇതുതന്നെ ശീലമാക്കും. ഇത്തരത്തില്‍ നൂറിലധികം വീടുകളില്‍ കവര്‍ച്ചയോ കവര്‍ച്ചാശ്രമങ്ങളോ നടത്തിയിട്ടുണ്ടെന്നാണ് മോഹന്‍ദാസിന്റെ മൊഴി.

Below Post Ad