പാലക്കാട്∙ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ 17 ഹോട്ടലുകൾ അടപ്പിച്ചു. ഹോട്ടൽ, ബേക്കറി, ഉൽപാദക യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ജനുവരി മൂന്നു മുതൽ ജില്ലയിൽ നടന്നു വരുന്ന പരിശോധനയിലാണ് ഹോട്ടലുകൾ അടപ്പിച്ചത്.
3 സ്ക്വാഡുകളിലായി ഷൊർണൂർ, ആലത്തൂർ, മലമ്പുഴ സർക്കിളുകളിൽ 483 ഹോട്ടലുകളിൽ പരിശോധന നടത്തി. 132 സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കാനും നോട്ടിസ് നൽകി. 34 ഇടങ്ങളിൽ നിന്ന് സാംപിളുകൾ എടുക്കുകയും 27 ഹോട്ടലുകൾക്ക് നോട്ടിസ് നൽകുകയും ചെയ്തു.
മായം ചേർത്ത് ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുക, വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുക, സൂക്ഷിക്കുക, ഫ്രീസറുകളിൽ മാംസ്യവും പച്ചക്കറികളും വേർതിരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷണം പാകം ചെയ്യുന്നവർ ഗ്ലൗസും ഹെഡ്വിയർ ധരിക്കാതിരിക്കുക,മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതിരിക്കുക, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യം എന്നിവ പരിശോധനയിൽ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അടപ്പിച്ച ഹോട്ടലുകൾ:
അറേബ്യൻ ഗ്രിൽ ആൻഡ് ഫ്രൈ ഈസ്റ്റ് ഒറ്റപ്പാലം, എംഎസ് ബേക്കറി അമ്പലപ്പാറ, പ്രയറീസ് ബേക്ക്സ് ആൻഡ് റസ്റ്ററന്റ് വരോട്, എമിറേറ്റ്സ് ബേക്ക്സ് വരോട്, കെപി ടീ സ്റ്റാൾ വരോട്, എഎം സ്റ്റോർ ആമയൂർ, അൽ ഷബ റസ്റ്ററന്റ് ആമയൂർ, അൽ അമീൻ ചിക്കൻ സ്റ്റാൾ പനമണ്ണ, വിഎസ് സ്റ്റോർസ് കറുകപുത്തൂർ, ഹോട്ടൽ ഹരിഹര ഭവൻ കറുകപുത്തൂർ, സഫ ഹോട്ടൽ കുമരംപുത്തൂർ, റോയൽ തലശ്ശേരി റസ്റ്ററന്റ് ആര്യമ്പാവ്, കെജിഎൻ ബേക്കറി വടക്കഞ്ചേരി, എ വൺ ചിപ്സ് വടക്കഞ്ചേരി, ഫ്രണ്ട്സ് ഹോട്ടൽ കൊന്നഞ്ചേരി, ഗണപതി ബേക്കറി മുടപ്പല്ലൂർ, ഹോട്ടൽ അടിച്ചിറ നെന്മാറ
ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.