തൃശ്ശൂർ: പോളണ്ടിൽ വീണ്ടും മലയാളി കൊല്ലപ്പെട്ടു. തൃശ്ശൂർ ഒല്ലൂർ സ്വദേശി സൂരജ്(24)ആണ് പോളണ്ടിൽ കുത്തേറ്റ് മരിച്ചത്. ജോർജിയൻ പൗരന്മാരുമായുള്ള തർക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടിൽ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. പോളണ്ടിൽ സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു സൂരജ്.
ഇതേ കമ്പനിയിലെ ജോർജിയൻ പൗരന്മാർ അടുക്കളഭാഗത്തുവെച്ച് സിഗരറ്റ് വലിക്കുന്നത് ചിലർ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ജോർജിയൻ പൗരന്മാർ സൂരജിനെയും മറ്റുള്ളവരെയും കത്തികൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.
അതിനിടെ, ജോർജിയൻ പൗരന്മാരുമായുള്ള തർക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാൻ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടെന്നും പോളണ്ട് മലയാളി അസോസിയേഷൻ പ്രതിനിധി ചന്തു പറഞ്ഞു
പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവർ ചികിത്സയിലാണ്. ഇവരിൽ ഒരാൾക്ക് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ജോർജിയൻ പൗരന്മാർ കെട്ടിടത്തിൽനിന്ന് ഇറങ്ങിയോടിയെന്നാണ് വിവരം. കെട്ടിടം ഇപ്പോൾ പോലീസ് സീൽ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മറ്റൊരു മലയാളിയും പോളണ്ടിൽ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് സ്വദേശിയും പോളണ്ടിലെ ഐ.എൻ.ജി. ബാങ്കിൽ ഐ.ടി. എൻജിനീയറുമായ എസ്. ഇബ്രാഹിമാണ് കഴിഞ്ഞദിവസം താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ പോളണ്ട് സ്വദേശിയായ എമിൽ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.