പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് സൗന്ദര്യവത്കരിക്കും: മന്ത്രി എം.ബി രാജേഷ്.



പാലക്കാട് :തുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 

ശുചീകരിക്കുന്ന ഇടങ്ങളിൽ പിന്നീട് മാലിന്യം തള്ളാൻ കഴിയാത്ത രീതിയിലുള്ള നടപടികൾ ആരംഭിക്കും. ഹരിത കർമ്മ സേന, ശുചിത്വമിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുമായി യോജിച്ച് ജനകീയ ക്യാമ്പയിനിലൂടെയാണ് മാലിന്യനീക്കം നടത്തുകയെന്നും മന്ത്രി പറഞ്ഞു. 

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

മാലിന്യം വലിച്ചെറിയുന്ന രീതി തുടരാനാവില്ല. മാലിന്യം വലിച്ചെറിയുന്നത് സംസ്കാര ശൂന്യവും സാമൂഹ്യവിരുദ്ധവുമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. വലിച്ചെറിയൽ അവസാനിപ്പിക്കാൻ നിയമനിർമാണവും ബോധവത്ക്കരണവും അനിവാര്യമാണ്. ഇത് രണ്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. 2026 ഓടെ മാലിന്യമുക്ത കേരളമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ മുഖ്യാതിഥിയായി. നവകേരളം കർമ്മപദ്ധതി -2 ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.ജി അബിജിത്ത്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad