മലപ്പുറം: ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org ലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.
അപേക്ഷകന് ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടാവണം. ഒരുകവറിൽ പരമാവധി നാലുപേർക്ക് അപേക്ഷിക്കാം. രണ്ട് എമ്പാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തണം.
മൂന്ന് കാറ്റഗറിയാണ് ഇത്തവണയുള്ളത്. 70 വയസ്സ് പൂർത്തിയായ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ റിസർവ്ഡ് 70 പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തും.
70 വയസ്സ് കഴിഞ്ഞവരുടെ കൂടെ സഹായി വേണം. ഭാര്യ/ഭർത്താവ്, മക്കൾ, മകളുടെ ഭർത്താവ്/മകന്റെ ഭാര്യ, സഹോദരന്മാർ, മക്കളുടെ മക്കൾ, സ്വന്തം സഹോദര പുത്രൻ/സഹോദരപുത്രി എന്നിവയിൽ ആരെങ്കിലുമായിരിക്കണം.
ബന്ധം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കണം. മറ്റൊരു ബന്ധുവിനെയും സഹായിയായി അനുവദിക്കില്ല. 70 വയസ്സിന്റെ റിസർവ്വ് കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും.
ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്ക് ജനറൽ കാറ്റഗറിയിൽ അപേക്ഷ സമർപ്പിക്കാം. ഇവർ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ലേഡീസ് വിത്തൗട്ട് മെഹ്‌റം കാറ്റഗറിയിൽ 45 വയസ്സ് പൂർത്തിയായ ഹജ്ജ് കർമ്മത്തിന് പോകാൻ പുരുഷ മെഹ്‌റമായി ആരും ഇല്ലാത്ത നാല് സ്ത്രീകൾക്ക് വരെ ഒന്നിച്ച് ഒരു കവറിൽ അപേക്ഷിക്കാം.
ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് ഹജ്ജ് ട്രെയ്നർമാർക്കും സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും അക്ഷയ/ഐ.ടി. സംരംഭകർക്കും അപേക്ഷാ സമർപ്പണം സംബന്ധിച്ച പരിശീലനം സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.
ഹജ്ജ് അപേക്ഷകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലും ഹജ്ജ് സേവന കേന്ദ്രം ആരംഭിക്കും. ഹജ്ജ് ട്രെയ്നർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സൗജന്യ ഹജ്ജ് അപേക്ഷ സേവന കേന്ദ്രങ്ങൾ തുടങ്ങും. വിവരങ്ങൾക്ക് 0483 2710717, 2717572.