തൃത്താല : ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കയാക്കിങ്ങ് ഫെസ്റ്റും ഒരുക്കുന്നു. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപം ഭാരതപ്പുഴയിൽ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തദ്ദേശ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 18,19 തീയതികളിലാണ് കയാക്കിങ്ങ് ഫെസ്റ്റും ഒരുക്കുന്നത്.
തദ്ദേശ ദിനാഘോഷത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഈ ദിവസങ്ങളിൽ തൃത്താലയിലെ വിനോദ സഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ലിലെത്തിയാൽ കയാക്കിങ്ങ് ആസ്വദിയ്ക്കാം.
വിദഗ്ധരായ പരിശീലകരുടെ സേവനം ഇതിനായി ഉണ്ടാവും. ഇതോടെ തദ്ദേശ ദിനാഘോഷം പ്രദർശന വിപണന മേളയും ഭക്ഷ്യ മേളയും കയാക്കിങ്ങ് ഫെസ്റ്റും എല്ലാം അടങ്ങുന്ന വലിയ ഉത്സവമായി മാറും.
സ്ഥലം എം എൽ എ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷിന്റെ താല്പര്യ പ്രകാരം ഡി ടി പി സി നേരത്തെയും വെള്ളിയാങ്കല്ലിൽ കയാക്കിങ്ങ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ടൂറിസം വികസിപ്പിക്കുന്നതിലൂടെ ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ജലാശയം സംരക്ഷിയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി മുൻനിർത്തിയാണ് വെള്ളിയാങ്കല്ലിൽ കയാക്കിങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികൾക്ക് ഈ സാദ്ധ്യതകൾ നേരിട്ട് കണ്ട് വിലയിരുത്താനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്.