ന്യൂഡൽഹി: ഈ വർഷം സൗദി ഭരണകൂടം അനുവദിച്ച 1,75,025 പേർക്കുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കി പുതിയ ഹജ്ജ് നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
കഴിഞ്ഞവർഷം ഇത് 70:30 അനുപാതത്തിൽ ആയിരുന്നു. വി.ഐ.പി ഹജ്ജ് ക്വാട്ട പൂർണമായും നിർത്തലാക്കി. ഇത് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും. ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപ ഫീസ് പൂർണമായും എടുത്തുകളഞ്ഞ് അപേക്ഷ സൗജന്യമാക്കി.
രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വർധിപ്പിച്ചതിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി കേരളത്തിന് മൂന്നെണ്ണം ലഭിച്ചു.
ഈ വർഷത്തെ ഹജ്ജ് നയം വൈകിയതിൽ വ്യാപകമായ പരാതിയുയർന്നതിനു പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തിങ്കളാഴ്ച ഹജ്ജ് നയം പ്രഖ്യാപിച്ചത്.
രണ്ടോ മൂന്നോ ദിവസത്തിനകം ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ന്യൂഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു