കൂറ്റനാട്: ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം നെല്ലിപ്പറമ്പിൽ എൻ.ഐ. മുഹമ്മദ് കുട്ടി (78) അന്തരിച്ചു. തൃത്താലയിലെ ആദ്യകാല സി.പി.എം. നേതാവായിരുന്നു. സി.ഐ.ടി.യു. നേതാവുകൂടിയായിരുന്ന ഇദ്ദേഹം പ്രവാസലോകത്തും സാംസ്കാരികരംഗത്തും നിറഞ്ഞ് പ്രവർത്തിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃത്താലയിലെ മുതിർന്ന നേതാവായിരിക്കെ പ്രാരബ്ധംകൊണ്ടാണ് ഗൾഫിലേക്ക് ജീവിതം പറിച്ചുനട്ടത്. ജീവിതം മറ്റുള്ളവർക്കുകൂടിയാണെന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിച്ച മുഹമ്മദ് കുട്ടി ചാലിശ്ശേരിയുടെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും നേതൃത്വം നൽകി. സി.പി.എം. കേഡറെന്ന നിലയിൽ ബഹുജനങ്ങൾക്കിടയിൽ ഏറെ സമ്മതനായിരുന്നു.
അബുദാബിയിൽ ശക്തി തിയേറ്റേഴ്സ്, ഷാർജയിൽ കല, മാസ് തുടങ്ങിയ സാംസ്കാരികസംഘടനകളുടെയെല്ലാം രൂപവത്കരണത്തിൽ മുഹമ്മദ് കുട്ടിയുടെ നേതൃപാടവം പ്രകടമായിരുന്നു. വിവിധ ഘട്ടങ്ങളിൽ ശക്തി തിയേറ്റേഴ്സിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വകാര്യകമ്പനിയിലെ ജോലിക്കിടയിലെ വിശ്രമവേളകളിൽ മലയാളികളുടെ വിവിധ സാംസ്കാരികസംഘടനകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇ.എം.എസ്. മുതൽക്കുള്ള തലമുതിർന്ന നേതാക്കളുമായി ഏറെ അടുപ്പവും വ്യക്തിബന്ധവും സൂക്ഷിച്ചു.
ചാലിശ്ശേരി ഹയർസെക്കൻഡറി സ്കൂൾ വികസനസമിതി കൺവീനറായിരിക്കെ, നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൃത്താല ഏരിയയിൽ നാഗലശ്ശേരി, ചാലിശ്ശേരി, തിരുമിറ്റക്കോട്, തൃത്താല പ്രദേശമുൾക്കൊള്ളുന്ന സി.പി.എം. ലോക്കൽ ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. ചാലിശ്ശേരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഭവനനിർമാണ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചാലിശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയാവാനിരിക്കുന്ന സ്റ്റേഡിയനിർമാണം മുഹമ്മദ് കുട്ടിയുടെ വലിയ മോഹമായിരുന്നു. സംസ്ഥാനത്തെ പ്രവാസികൾക്കിടയിലും തൃത്താലയിലെ സാധാരണക്കാർക്കിടയിലും എൻ.ഐ. എന്ന രണ്ടക്ഷരത്തിലാണ് മുഹമ്മദ് കുട്ടി അറിയപ്പെട്ടിരുന്നത്.
ഭാര്യ: നബീസ. മക്കൾ: അനിതാബീഗം, സബിത, ജലീൽ ബാബു, അമീൻ (ഉണ്ണി). മരുമക്കൾ: അബ്ദുൾ ഖയ്യൂം, നൗഷാദ്, സബിത, ഫിറോസിയ.
സഹോദരങ്ങൾ: എൻ.ഐ. ഫാത്തിമ, എൻ.ഐ. സെയ്‌തുപ്പ (കേരള പ്രവാസിസംഘം തൃത്താല ഏരിയാകമ്മിറ്റിയംഗം), എൻ.ഐ. മൊയ്തുണ്ണി (സി.പി.എം. മെയിൻ റോഡ് ഈസ്റ്റ് ബ്രാഞ്ചംഗം), പരേതനായ എൻ.ഐ. പരീത്. കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചാലിശ്ശേരി മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് കബറിസ്താനിൽ.