ചാലിശ്ശേരി മുലയംപറമ്പത്ത് പൂരവാണിഭത്തിന് വൻ തിരക്ക്


 

ചാലിശ്ശേരി: മുലയംപറമ്പത്ത് പൂരത്തിനും വാണിഭത്തിനും തിരക്കൊഴിയുന്നില്ല. മൂന്ന് ജില്ലകളുടെ സംഗമസ്ഥാനമായ ചാലിശ്ശേരിയിൽ പൂരപ്രേമികളായ പതിനായിരങ്ങളുടെ കണ്ണും കാതും മനസ്സും ഇപ്പോൾ പൂരവാണിഭത്തിലുമുണ്ട്.

കോവിഡുകാലത്തിനുശേഷം ക്ഷേത്രമൈതാനിയിൽ നടന്ന പൂരവാണിഭത്തിൽ വലിയ തിരക്കനുഭവപ്പെട്ടു. തിങ്കളാഴ്ച കാലത്തുമുതൽ കച്ചവടക്കാർ സാധനങ്ങളുമായി ക്ഷേത്രമൈതാനത്തെത്തി. മറ്റ് പൂരങ്ങളിൽനിന്ന് മുലയംപറമ്പത്ത് പൂരാഘോഷത്തെ വേറിട്ടുനിർത്തുന്നതും പൂരവാണിഭം തന്നെയാണ്.

വീട്ടമ്മമാർക്ക് ആവശ്യമുള്ള എല്ലാ വീട്ടുസാധനങ്ങളും പൂരപ്പറമ്പിൽനിന്ന് കിട്ടും. കൊട്ട, വട്ടി, ചൂല്, മീൻവല അങ്ങനെ പോകുന്നു സാധനങ്ങളുടെ നിര. കശുവണ്ടി, പനങ്കുരു, പുളിങ്കുരു, ചക്ക, മാങ്ങ, പഴുത്തതും പച്ചയുമായ കായക്കുലകൾ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, മുള്ളിലക്കുരു തുടങ്ങിയവ വിൽക്കാനുള്ള അവസരമുണ്ടായിരുന്നതായും പഴയകാല കർഷകനായ ടി. മുഹമ്മദ് പറയുന്നു.

Below Post Ad