ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം ഇന്ന്


 

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും. ഉച്ചയ്ക്ക് ദേവസ്വം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെയും അഞ്ചാനകളുടെയും അകമ്പടിയോടെ ക്ഷേത്രനടയിലെത്തും. തുടർന്ന്, 32 ദേശങ്ങളിൽനിന്നുള്ള 46-ൽപ്പരം ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ കാവുകയറും.

22-ലധികംവരുന്ന വിവിധകമ്മിറ്റികളും പ്രാചീനവേഷങ്ങൾ, നാടൻകലാരൂപങ്ങൾ, കരിങ്കാളികൾ, പൂതൻ, തിറ, തെയ്യം, കാവടി, ഇളക്കാളകൾ, നാദസ്വരം തുടങ്ങിയവയും വിവിധ താളമേള വാദ്യങ്ങളും ക്ഷേത്രാങ്കണത്തിലെത്തും. വൈകുന്നേരം 6.30-ന് കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. 

രാത്രി തായമ്പക, കലാപരിപാടികൾ, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. സുരക്ഷ കണക്കിലെടുത്ത് പുതുതായി 16-നിരീക്ഷണ ക്യാമറകൾ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.

ഗതാഗതനിയന്ത്രണം

മുലയംപറമ്പ് ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഭാഗമായി പെരുമ്പിലാവ്-പട്ടാമ്പി പാതയിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി 10-വരെയാണ് വാഹനനിയന്ത്രണം.

പട്ടാമ്പിയിൽനിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് പെരിങ്ങോടുവഴി തിരിഞ്ഞ് ഒറ്റപ്പിലാവുവഴി പോകണം. കുന്നംകുളം, പെരുമ്പിലാവ് ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവിൽനിന്ന് തിരിഞ്ഞ് പെരിങ്ങോടുവഴി കൂറ്റനാടെത്തണം.

Below Post Ad