തൃശൂര്‍ തളിക്കുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിനിടെ, യുവതിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍.
കാഞ്ഞാണി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മോഷണം ശ്രദ്ധയിപ്പെട്ട നാട്ടുകാർ കയ്യോടെ പിടികൂടി വലപ്പാട് പോലീസില്‍ ഏല്പിക്കുകയായിരുന്നു
തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് കാറിൽ പോവുകയായിരുന്ന കുടുംബത്തിലെ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.
അപകടസമയത്ത് ബാബു ഇതുവഴി ബെെക്കില്‍ വരികയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തനം നടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട യാത്രക്കാരിയുടെ മാല ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു.
അപകടത്തില്‍ കാർ യാത്രക്കാരായ പറവൂർ തട്ടാൻപടി സ്വദേശികളായ 81 വയസ്സുള്ള പുത്തൻപുരയിൽ പത്മനാഭൻ , ഭാര്യ 79 വയസ്സുള്ള പാറുക്കുട്ടി എന്നിവരാണ് മരിച്ചത്.
ഇവരുടെ മകൻ ഷാജു , ഭാര്യ ശ്രീജ , മകൾ 11 വയസ്സുള്ള അഭിരാമി , ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യൻ എന്നിവര്‍ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചായിരുന്നു അപകടം.