റമദാനില്‍ സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി


 പെരിന്തല്‍മണ്ണ: റമദാന്‍ വ്രതത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു.


ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നത്.

ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്ബുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക.

 തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച്‌ വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.

കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിനോദ സഞ്ചാര യാത്രയുടെയും, അടുത്തിടെ നടത്തിയ നാലമ്ബല തീര്‍ഥാടന യാത്രയുടെയും സ്വീകാര്യത പരിഗണിച്ചാണ് റമദാനില്‍ സിയാറത്ത് യാത്രയും സംഘടിപ്പിക്കുന്നത്. 

ഒരാള്‍ക്ക് 550 രൂപയാണ് നിരക്ക് ഈടാക്കുന്നത്. വിജയകരമായാല്‍ ദീര്‍ഘദൂര സിയാറത്ത് യാത്രകളും കെ.എസ്.ആര്‍.ടി.സിയുടെ പരിഗണനയിലുണ്ട്.

Tags

Below Post Ad