ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി 1003 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതുവരെ 90 ശതമാനത്തോളം സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കെട്ടിടങ്ങളുടെ പരിശോധന, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കിണറുകളിലെ സുരക്ഷാഭിത്തികള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സ്‌കൂളും പരിസരവും വൃത്തിയാക്കല്‍, കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കല്‍, ശുചിമുറികളുടെ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളിലെ ഒരുക്കങ്ങളുടെ പരിശോധനയും നടന്നുവരികയാണ്. 99 ശതമാനം സ്‌കൂളുകളിലും യൂണിഫോമും പാഠപുസ്തക വിതരണങ്ങളും പൂര്‍ത്തിയാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകളുടെ സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തല്‍ യോഗം മെയ് 30 ന് ചേരും.