തൃത്താല : പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിത യാത്രയാകുന്നു.
കരാറുകാരുടെ മെല്ലെപ്പോക്കാണ് നവീകരണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാകാന്‍ കാരണമെന്നാണ് അതികൃതര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ വർഷം സെപ്തംബറിൽ തൃത്താല മണ്ഡലത്തിലെ പ്രധാന പാതകളിലൊന്നായ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല പാതയുടെ നവീകരണം സംബന്ധിച്ച് സ്ഥലം എംഎല്‍എ യും മന്ത്രിയുമായ എംബി രാജേഷ് ജനങ്ങളോട് പറഞ്ഞത് പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ് പണി ഉടൻ തീർക്കുമെന്നായിരുന്നു. 2023 മാര്‍ച്ചിലും പാത നിർമ്മാണത്തെക്കുറിച്ച് മന്ത്രി വാചാലനായി.
ഇതിനെല്ലാം മുൻപ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസ് തന്നെ സ്ഥലത്തെത്തി പാതയുടെ നവീകരണം ഉടൻ നടത്തുമെന്ന് ജനങ്ങൾക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാൽ ഇരുമന്ത്രിമാരുടെയും വാക്കുകൾ പാഴ് വാക്കായിരുന്നു.
നിലവിൽ പാതയിൽ വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. 1.4 കിലോമീറ്റര്‍ ബിഎംബിസി ടാറിങ്ങും ബാക്കി ഇന്റര്‍ലോക്ക് ചെയ്തുമാണ് പാത നവീകരിക്കുന്നത്, രണ്ട് മാസത്തിനിടെ രണ്ട് കലുങ്ക് നിർമ്മിച്ചതല്ലാതെ പാതയിൽ യാതൊരു പ്രവർത്തിയും നടത്തിയിട്ടില്ല. എന്നാൽ കരാറുകാരുടെ മെല്ലെപ്പോക്കാണ് നവീകരണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാകാന്‍ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഏതായാലും മഴയ്‌ക്ക് മുൻപ് നിർമ്മാണപ്രവർത്തികൾ പൂർത്തിയായില്ലെങ്കിൽ ജനങ്ങളുടെ യാത്ര കൂടുതൽ ദുസഹമാവും.
പാലത്തറ അഞ്ചുമൂല റോഡ് പണി പൂർത്തിയാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭവുമായി വരുമെന്ന് പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ മുന്നറിയിപ്പ് നൽകി.