കുറ്റിപ്പുറത്ത് രാത്രി ‘ചായകുടി’ക്കാരുടെ തിരക്ക് കൂടുന്നു

 


കുറ്റിപ്പുറം: ടൗണിൽ രാത്രി വാഹനത്തിൽ കറങ്ങുന്നവരോട് പരിശോധനയ്ക്കിറങ്ങുന്ന പോലീസ് ചോദിക്കുമ്പോൾ ഒറ്റ ഉത്തരമേ ലഭിക്കൂ. ‘ഒന്നു ചായ കുടിക്കാനിറങ്ങിയതാ’. ചായ കുടിക്കാനെത്തുന്നതാകട്ടെ പൊന്നാനി, വെളിയങ്കോട്, തിരൂർ, താനൂർ, കോട്ടയ്ക്കൽ, മലപ്പുറം, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും.ഇവിടുന്നൊക്കെ ചായ കുടിക്കാൻ വരാൻ മാത്രം പ്രസിദ്ധമായ ‘ചായ’ക്കടകളൊന്നും ഇവിടെയില്ലല്ലോയെന്ന് കുറ്റിപ്പുറത്തുകാർ . 

ചായ കുടിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അന്നത്തെ സി.ഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കുകയും സംശയം തോന്നുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ ഒരുപരിധിവരെ രാത്രികാലങ്ങളിൽ ടൗണിൽ കറങ്ങാനെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു. 

അടുത്തകാലത്ത് വീണ്ടും രാത്രികാലങ്ങളിൽ ടൗണിൽ സാമൂഹികവിരുദ്ധർ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ്. ടൗണിലും പരിസരത്തും രാത്രിയിൽ തമ്പടിക്കുന്ന മയക്കുമരുന്നുവിൽപ്പനക്കാരെയുൾപ്പെടെ തേടിയാണ് വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.


ഹൈവേ ജങ്ഷൻ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, രജിസ്ട്രാർ ഓഫീസ് പരിസരം, വൺവേ റോഡ്, തിരൂർ റോഡിലെ മേൽപ്പാലത്തിനു താഴെ, മഞ്ചാടി എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സംഗമസ്ഥലങ്ങൾ. രാത്രിയാത്രക്കാർക്ക് ഈ സംഘങ്ങളുടെയും ഇവരെ തേടിയെത്തുന്നവരുടെയും ശല്യം നേരിടേണ്ടിവരുന്നുണ്ട്‌.


കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചിന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മൈത്രി കോളനിയിലെ ഒരു കുടുംബത്തിനുനേരെ വൺവേ റോഡിൽ കേന്ദ്രീകരിച്ചുനിന്ന ഒരു സംഘം മോശമായ രീതിയിൽ പെരുമാറിയതായി പരാതിയുണ്ട്.

 പണം, മൊബൈൽ ഫോൺ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ അപഹരിക്കുന്ന സംഘങ്ങളും ഇവിടെ തമ്പടിക്കാറുണ്ട്. അടുത്തിടെ കുറ്റിപ്പുറം ടൗണിൽനിന്നും പരിസരത്തുനിന്നുമായി ആറു ഇരുചക്രവാഹനങ്ങളാണ് മോഷണംപോയത്. ഇതിൽ ഒരെണ്ണം മാത്രമാണ് കണ്ടെത്തിയത്. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് കാര്യക്ഷമമായി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Below Post Ad