തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 726 എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ഈടാക്കും. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നതിൽ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകി.
ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാൽ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞാണ് പിൻവാങ്ങൽ.
ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെക്കൂടി കൊണ്ടുപോകുന്നതിന് ഇളവു വേണമെന്ന് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നാണ് ഉന്നതതല യോഗ തീരുമാനം.
ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും കെൽട്രോണുമായുള്ള വ്യവസ്ഥകളിൽ അന്തിമരൂപം കൈവരിക്കേണ്ടതുണ്ട്. സാങ്കേതിക കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തുടർചർച്ചകൾ നടക്കും. കേടാകുന്ന ക്യാമറകൾ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നത് കെൽട്രോണാണ്.
അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബിയുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറ പോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. ക്യാമറകൾക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.
🔺തുടക്കത്തിൽ പിഴ 5 കുറ്റങ്ങൾക്ക്
⭕1. ഇരു ചക്രവാഹനത്തിൽ ഹെൽമറ്റില്ലാത്ത യാത്ര- ₹500
⭕2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗം- ₹ 2000
⭕3. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ- ₹ 500
⭕4. സിഗ്നലിൽ റെഡ് ലൈറ്റ് മറികടക്കുക-₹1000
⭕5. ഇരുചക്രവാഹനത്തിൽ
മൂന്നുപേർ- ₹1000
🔺ഓൺലൈനായി പിഴ അടയ്ക്കാം
മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പിഴയുടെ വിവരങ്ങളും ഓൺലൈനായി പിഴ അടയ്ക്കാനുമുള്ള സൗകര്യമുണ്ട്.