തൃത്താല : മന്ത്രി എം ബി രാജേഷ് കഴിഞ്ഞ വർഷം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊടുത്ത വാക്കാണ്. പരുതൂർ ജിഎൽപി സ്കൂളിലെ പഴയ ശോചനീയമായ കെട്ടിടത്തിലിരുന്ന പഠിച്ച കുട്ടികള്‍ അടുത്ത വര്‍ഷം എല്ലാ സൗകര്യങ്ങളുമുള്ള പുതിയ ക്ലാസ് മുറികളിലിരുന്ന് പഠിക്കുമെന്ന്.
2022 മെയ് 5നാണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇന്ന് ജൂൺ 3ന്, ഒരു കൊല്ലവും 29 ദിവസവും കഴിഞ്ഞപ്പോള്‍ മനോഹരമായ പുതിയ കെട്ടിടം യാഥാര്‍ഥ്യമായി. ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് കെട്ടിടം ഉദ്ഘാടനം ചെയ്തു.
എം.ബി രാജേഷ് എംഎല്‍എ ആയ ഉടൻ പരുതൂർ ജിഎൽപി സ്കൂള്‍ അധ്യാപകരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം മാനിച്ച് സന്ദര്‍ശിച്ചിരുന്നു. സ്കൂളിന്റെ ശോചനീയ സ്ഥിതി മനസിലാക്കി പ്ലാൻ ഫണ്ടിൽ നിന്ന് ധനസഹായത്തിന് എസ്റ്റിമേറ്റും പ്ലാനുമെല്ലാം സമർപ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് ലഭ്യമാക്കി. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനകം നിർമ്മാണവും പൂർത്തിയാക്കി. നിർമ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കിയ കോൺട്രാക്ടർ എഡ്വിനെ മന്ത്രി അഭിനന്ദിച്ചു.
മേഴത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3.90 കോടി രൂപാ ചെലവിൽ നിർമ്മിക്കുന്ന കിഫ്ബി കെട്ടിടത്തിന്റെ തറക്കല്ലിടലും ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തിന് മുൻപ് മേഴത്തൂരിലെ കിഫ്ബി കെട്ടിടത്തിന്റെ പണിയും പൂർത്തിയാക്കും.
മുൻ എംഎല്‍എ വി ടി ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2017ൽ അനുവദിച്ചതും 2019ൽ തറക്കല്ലിടതുമായ 40 ലക്ഷം രൂപയുടെ ഒരു കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിയന്നൂര്‍ സ്കൂളിൽ നിർവഹിക്കുകയുണ്ടായി.