കോഴിക്കോട് : ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.45 ന് 145 യാത്രക്കാരുമായി പുറപ്പെടും. ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഇപ്രാവശ്യം ഹജ്ജ് തീര്‍ഥാടനത്തിന് മൂന്ന് പുറപ്പെടല്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കണ്ണൂരിന് പുറമെ കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താളങ്ങളാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാലിന് ഹജ്ജ് ഹൗസില്‍ നടക്കും. ഞായറാഴ്ച പുലര്‍ച്ചെ 4.25 ന് കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെടും. അന്നേ ദിവസം രാവിലെ 8.35 ന് രണ്ടാമത്തെ വിമാനവും പുറപ്പെടും.
44 സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്നും ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ 5,9,10,16,17,19 തീയതികളില്‍ മൂന്ന് വീതം വിമാനവും ബാക്കി ദിവസങ്ങളില്‍ രണ്ട് വീതം വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. കരിപ്പൂരിലെ റെണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
നെടുമ്പാശ്ശേരി പുറപ്പെടല്‍ കേന്ദ്രത്തില്‍ ഈ മാസം ആറിന് ക്യാമ്പ് ആരംഭിക്കും. ഏഴിന് രാവിലെ 11.30 ന് ആദ്യ വിമാനം പുറപ്പെടും. സഊദി എയര്‍ലൈന്‍സിന്റെ 413 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനമാണ് സര്‍വീസ് നടത്തുക. ആകെ ആറ് സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ളത്.
ക്യാമ്പുകളിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും അവരുടെ ലഗേജ് ഹാന്‍ഡ്‌ലിംഗ്, താമാസം,ഭക്ഷണം, ബ്രീഫിങ്ങ്, ഡോക്യുമെന്റ് കൈമാറ്റം, എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ഹാജിമാരെ സഹായിക്കുന്നതിനായി ഓര്‍ഗനൈസിംഗ് കമ്മിറ്റികളുടെ കീഴില്‍ ഓരോ പുറപ്പെടല്‍ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലുള്ള 88 പേര്‍ അടങ്ങുന്ന ഹജ്ജ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന ഓഫീസര്‍മാരുടെ കീഴിലായി ഓരോ പുറപ്പെടല്‍ കേന്ദ്രങ്ങളിലും ഇവരെ നിയമിക്കും. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തു വരികയാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ അധ്യക്ഷത വഹിക്കും. തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ അതിഥികളായിരിക്കും. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ന്യുനപക്ഷ ക്ഷേമം, വഖ്ഫ്, ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.
ശനിയാഴ്ച വൈകീട്ട് നാലിന് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വനിതാ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും .മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും ചടങ്ങില്‍ ടി വി ഇബ്രാഹിം എം എല്‍ എ അധ്യക്ഷത വഹിക്കും.
കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ന്യുനപക്ഷ ക്ഷേമം , കായികം , വഖ്ഫ് ഹജ്ജ് തീര്‍ഥാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വ്യവസായ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ അഥിതിയായിരിക്കും.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ കൂടാതെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, പി പി മുഹമ്മദ് റാഫി, മുഹമ്മദ് കാസിം കോയ പൊന്നാനി ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എം ഹമീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.