പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നു വെച്ചു;  ആശുപത്രിക്കെതിരെ പരാതി


 

പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന എന്ന 22 കാരിയുടെ വയറ്റിൽ ആശുപത്രി അധികൃതർ പഞ്ഞി മറന്നു വെച്ചതായാണ് പരാതി. ജൂൺ ഒമ്പതിനാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

തിങ്കളാഴ്ചയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആദ്യം കരുതിയതെന്ന് യുവതി പറയുന്നു. ഇരിക്കാനും നടക്കാനും ഒന്നും പറ്റിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാത്‌റൂമിൽ പോയപ്പോഴാണ് പഞ്ഞിക്കെട്ട് പുറത്ത് വന്നതെന്നും യുവതി പറയുന്നു.

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജിനും പാലക്കാട് ജില്ലാ കലക്ടർക്കും പരാതി നൽകിയതായി യുവതിയുടെ ഭർത്താവ് മീഡിയവണിനോട് പറഞ്ഞു. 'പഞ്ഞിക്കെട്ട് പുറത്ത് വന്നിരുന്നെങ്കിൽ ആരോഗ്യനില അപകടത്തിലാകുമായിരുന്നു. ആശുപത്രി അധികൃതർക്ക് ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി നൽകിയാൽ അവർ തള്ളിക്കളയുമായിരിക്കും. പക്ഷേ, നാളെ ഇത് മറ്റൊരാൾക്ക് സംഭവിക്കാൻ പാടില്ല'. അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഷബാനയും കുടുംബവും പറയുന്നു.

Tags

Below Post Ad