ഭിന്നശേഷിക്കാർക്കും അവരുടെ അമ്മമാർക്കും തൊഴിൽ പരിശീലനവുമായി ഓട്ടിസം ക്ലബ്ബ് കൂട്ടുപാതയിൽ ആഗസ്റ്റ് 27ന് പ്രവർത്തനം തുടങ്ങും.

 


പട്ടാമ്പി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള തെറാപ്പികളും, അവരുടെ അഭിരുചിക്ക് അനുസരിച്ച് തൊഴിൽ പരിശീലനവും നൽകുന്നതോടൊപ്പം അവരുടെ അമ്മമാർക്കും തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിക്ക് രൂപം നൽകിയതായി ഓട്ടിസം ക്ലബ്ബ് പാലക്കാടിന്റെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രാഥമിക കമ്പ്യൂട്ടർ വിദ്യാഭ്യാസം, അക്കൗണ്ടിംഗ്, ഡി.ടി.പി വർക്കുകൾ, ഗ്രാഫിക് ഡിസൈനിംഗ്, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകുക. പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭക്ഷണവും ഒരുക്കും.

ആഗസ്റ്റ് 27ന് ഞായറാഴ്ച രാവിലെ 10ന് കൂട്ടുപാതയിൽ, തിരുമിറ്റക്കോട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.സുഹറ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ രാധിക രതീഷ് അദ്ധ്യക്ഷത വഹിക്കും.

പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ പ്രവർത്തിച്ചു വന്നിരുന്ന ഓട്ടിസം ക്ലബാണ് കൂടുതൽ സൗകര്യങ്ങളോടെ കൂട്ടുപാതയിലേക്ക് മാറ്റുന്നത്. പട്ടാമ്പി താലൂക്കിലെ 60 കുട്ടികളാണ് നിലവിൽ ഓട്ടിസം ക്ലബ്ബ് പാലക്കാടിൽ അംഗങ്ങളായിട്ടുള്ളത്. പട്ടാമ്പിയ്ക്കും കൂറ്റനാടിനുമിടയിലെ കൂട്ടുപാത കേന്ദ്രീകരിച്ചാണ് ഓട്ടിസം ക്ലബ്ബ് പ്രവർത്തിക്കുക. 

ഓട്ടിസം ക്ലബ് പ്രസിഡന്റ് കെ.എസ് മുരളി, സെക്രട്ടറി ടി.കെ അയൂബ്, ഇ.കെ.സാജിത, ഇ.കെ. ആഷർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags

Below Post Ad