കപ്പൂർ: ആഘോഷത്തിൻ്റെ പൊലിമ നിറയേണ്ട തറവാട്ടിൽ നിനച്ചിരിക്കാതെ വന്ന ദാരുണാന്ത്യം കണ്ണീർ പന്തലായി.
കപ്പൂർ സിറ്റിയിലെ മൂർക്കഞ്ഞാലിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് ഷിഫാദിൻ്റെ മരണമാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്.
അംഗ പരിമിതിയുള്ള കുഞ്ഞുമുഹമ്മദ് ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റുന്നത്. മൂത്ത മകളുടെ വിവാഹത്തിനായി അടുത്താഴ്ച ഒരുങ്ങിയിരിക്കെയാണ് വിധി തോരാ കണ്ണീരുമായെത്തിയത്.
പട്ടിത്തറ പഞ്ചായത്തിലെ കൂനംമൂച്ചിയിലെ വളയംകുളത്തിൽ
കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഷിഫാദ് കുളത്തിൽ മുങ്ങി മരിച്ചത്.
കൂറ്റനാട് വട്ടേനാട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. ഉച്ചക്ക് ശേഷം സ്കൂൾ അവധിയായതിനാലാണ് കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയത്. ഷിഫാദ് വെള്ളത്തിൽ മുങ്ങിയ വിവരം കൂട്ടുകാർ അറിഞ്ഞില്ല.
നിറയെ ചണ്ടിയും മറ്റുമായി ഉപയോഗപ്രദമല്ലാത്ത ഈ കുളത്തിൽ ഇതിന് മുമ്പും നിരവധി പേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്.
തൃത്താല പോസീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.മാരായം കുന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
മാതാവ് ഫൗസിയ, സഹോദരങ്ങൾ ഷബാന, ഷഹ്നാദ്
മംഗല്യ പന്തൽ ഉയരേണ്ട വീട്ടിൽ കണ്ണീർ പന്തൽ;ഷിഫാദിൻ്റെ മരണം നാടിനെ തോരാ കണ്ണീരിലാഴ്ത്തി
ഓഗസ്റ്റ് 12, 2023