ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ അപകടത്തിൽ പെട്ടതിന് 150 മീറ്റർ ദൂരത്ത് നിന്നാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിക്കുന്നത്.
കോട്ടയം സ്വദേശിയായ ജിഷ്ണു ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനാണ്. ഷൊർണൂരിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി ഒമ്പതര വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പാലക്കാട്ട് നിന്നും സ്കൂബാ സംഘം എത്തി തെരച്ചിൽ നടത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കിൽപെടുകയായിരുന്നു. അപകടം പതിയിരിക്കുന്ന നിരവധി കയങ്ങളുണ്ട് ഇവിടെ. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് ഇവർ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.