തിരൂർ: ‘നീ വിമാനത്തിൽ പൈലറ്റാകണം, ഞങ്ങളെ കയറ്റി നീ വിമാനം പറത്തണം’- ഇതായിരുന്നു മൂന്നു വർഷം മുമ്പ് അരീക്കാട് വടക്കേതിൽ കുഞ്ഞയിഷ പേരക്കുട്ടി അഹമ്മദ് നസീമിനോട് പറഞ്ഞ വാക്കുകൾ.
നസീം അത് യാഥാർഥ്യമാക്കി വല്യുമ്മയ്ക്കും വല്യുപ്പയ്ക്കും വിമാനയാത്രയൊരുക്കി, അതും നിറഞ്ഞ സസ്പെൻസിലൂടെ.
ഏന്തു ഹാജിയുടെയും കുഞ്ഞയിഷയും മകൾ സമീറയുടെയും ഒഴൂർ അയ്യായ വെള്ളച്ചാലിലെ ചോലക്ക പുളിക്കപ്പറമ്പിൽ സി.പി. നാസറിന്റെയും മകനാണ് അഹമ്മദ് നസീം.
യു.എ.ഇ.യിലെ അറിയപ്പെടുന്ന പിയാനോ, വയലിൻ അധ്യാപകനും യു.എ.ഇയിലെ പ്രധാന മ്യൂസിക്ക് ബാൻഡിലെ അംഗവും കൂടിയായ അഹമ്മദ് നസീം ഷാർജ എയർ അറേബ്യയുടെ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് നേടി ജോലിയായതോടെ എയർലൈൻ കമ്പനിക്കു മുൻപിൽ ഒരാഗ്രഹം പറഞ്ഞു- ‘നവംബർ 10-ന് ഷാർജ-കരിപ്പൂർ വിമാനം പറത്താൻ എനിക്ക് അവസരം തരണം’. കമ്പനി സമ്മതിച്ചു.
അങ്ങനെ 85-കാരനായ വല്യുപ്പ ഏന്തു ഹാജിയും 75-കാരിയായ വല്യുമ്മ കുഞ്ഞയിഷയുമായി കരിപ്പൂരിൽനിന്ന് പറക്കാൻ തീരുമാനിച്ചു. പിതാവും മാതാവും മൂത്തസഹോദരി ഷാ നസ്റിനും അനുജത്തി ഷാദിയയും ഷാർജയിലാണ്. കുഞ്ഞയിഷയോടും ഏന്തുഹാജിയോടും കാര്യം വെളിപ്പെടുത്താതെ നാസറും മകൻ അഹമ്മദ് നസീമും ഇരുവർക്കും ഷാർജയിലേക്ക് വിമാനടിക്കറ്റും വിസയും ശരിയാക്കി.
ഇരുവർക്കും വിമാനത്തിൻറെ മുൻനിരയിൽ സീറ്റുമുറപ്പിച്ചു. ഈ വിമാനം പറത്തുന്നത് പേരക്കുട്ടിയാണെന്ന് ഇരുവരെയും അറിയിച്ചതേയില്ല. വിമാനത്തിൽനിന്ന് നസീമിന്റെ അനൗൺസ്മെൻറ് വന്നു-‘എന്റെ വല്യുപ്പയും വല്യുമ്മയും ഈ വിമാനത്തിലുണ്ട് ’.
തുടർന്ന് നസീം ഇവരുടെ അടുത്തെത്തിയതോടെ സസ്പെൻസിന് പൊട്ടിച്ചിരിയോടെയുള്ള പര്യവസാനം. പേരക്കുട്ടി പറത്തിയ വിമാനത്തിൽ ഏന്തു ഹാജിയും കുഞ്ഞയിഷയും ഷാർജയിൽ സുഖമായെത്തി. രണ്ടു മാസത്തിനുശേഷം ഇവർ നാട്ടിലേക്കു മടങ്ങും.