കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു.
തുടക്കത്തില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാല്‍ ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകര്‍ന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ചേര്‍ന്ന് ഓസീസിനെ വിജയവര കടത്തി.തുടക്കത്തില്‍ തകര്‍ത്തടിച്ച് 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറില്‍ 215-7. ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് സെമിയില്‍ കാലിടറുന്നത്.