പൊന്നാനി:ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടതാണ്. ഇതിനെ മറികടന്നാണ് പൊന്നാനിയില്‍ പരിപാടിയ്‌ക്കെത്താന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കണമെന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ബസുകള്‍ വിട്ടുനല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടത്.
സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന ഉത്തരവും കുട്ടികളെ പങ്കെടുപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചുവോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.