തൃത്താല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തൃത്താല ജുമാ മസ്ജിദിന് മുന്നിൽ തടഞ്ഞു.
ഇരുചക്ര വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പോകാനാവാത്ത വിധത്തിൽ റോഡിൽ ബാരിക്കേട് കെട്ടിയാണ് പോലീസ് മാർച്ചിനെ തടഞ്ഞത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
ഇതിനെ തുടർന്ന് മണിക്കുറുകളോളം ഗതാഗതക്കുരുക്കിൽപ്പെട് യാത്രക്കാർ വലഞ്ഞു.പ്രതിഷേധ മാർച്ച് കഴിഞ്ഞിട്ടും കയർകൊണ്ട് പരസ്പരം കെട്ടി മുറുക്കിയ ബാരിക്കേടുകൾ പെട്ടന്ന് അഴിച്ച് മാറ്റാൻ പോലീസിന് സാധിക്കാതെ വന്നതിനാൽ ഗതാഗതക്കുരുക്ക് തുടർന്നു. പ്രതിഷേധക്കാരും പോലീസും ബാരിക്കേടുകൾ അഴിച്ച് നീക്കം ചെയ്തതിനെ തുടർന്നാണ് ട്രാഫിക്ക് ബ്ലോക്ക് ഒഴിവായത്.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് നേരെ സംസ്ഥാന വ്യാപകമായി പോലീസും, സി.പി.എം പ്രവർത്തകരും നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്.
കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി മുഹമ്മദാലി, പി.ബാലൻ, കെ.മുഹമ്മദ്, ഒ.കെ ഫാറൂഖ്, എം.മണികണ്ഠൻ, എസ്.ടി നിസാർ, സി.പി മുഹമ്മദ്, പി.റഷീദ, ജിഷി ഗോവിന്ദ്, ടി.എം നഹാസ് എന്നിവർ സംസാരിച്ചു.