പെരുമ്പിലാവ്: തിപ്പിലശ്ശേരി കോടതിപ്പടിയിൽ സഹോദരിയെ കത്തിയെടുത്ത് കുത്തിയ യുവാവ് ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ ഇരുവരുടെയും പിതാവ് മരിച്ചു.തിപ്പിലശ്ശേരി കോടതിപ്പടി സ്വദേശി മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചത്. മരണവിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് അസുഖബാധിതനായ 85 വയസ്സുള്ള അബൂബക്കർ മരിച്ചത്.
കുഞ്ഞുമോന്റെ സഹോദരി ഹസീനക്കാണ് കുത്തേറ്റത്. സഹോദരങ്ങളായ ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി പറയുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു.
ഇതോടെ സഹോദരങ്ങളായ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു വെന്ന് പറയുന്നു.കുഞ്ഞുമോന്റെ ആക്രമണത്തിൽ ചെവിക്ക് പുറകിൽ പരിക്കേറ്റ ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഹസീനയെ കുത്തിയ മനോവിഷമത്തിൽ തറവാട് വീടിന് പുറകുവശത്തെ മരത്തിൽ കയറി സഹോദരൻ ആത്മഹത്യ ചെയ്യുകയായിരുന്നു വെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.