ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് . വടകരയിൽ യുഡിഎഫിനെ സഹായിക്കുന്ന ബിജെപിക്ക് പാലക്കാട് സഹായം തിരിച്ചുനൽകും.
ബിജെപിക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ ജനപ്രതിനിധികളാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
വടകരയിൽ ജയിക്കാൻ ബി ജെ പി യുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യെ സഹായിക്കാം എന്നതാണ് പാക്കേജ്. നേമത്ത് ശിവൻകുട്ടിയിലൂടെ എൽ ഡി എഫ് പൂട്ടിച്ച ബി ജെ പി യുടെ അകൗണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ പരാജയം ഉറപ്പ് വരുത്താനാഗ്രഹിച്ച, സാധാരണ ഗതിയിൽ ഇടതുപക്ഷത്തിന് കിട്ടുമായിരുന്ന മതനിരപേക്ഷ വോട്ടുകൾ കൂടി കിട്ടിയപ്പോഴാണ് ഷാഫി പറമ്പിൽ തൊണ്ണൂറ് കഴിഞ്ഞ ഇ ശ്രീധരനെതിരെ കഷ്ടിച്ച് കടന്നു കൂടിയത്.
ആ സീറ്റിലെ എം എൽ എ യെയാണ് വേണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിട്ടു കൊടുത്തു കൊണ്ട് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ബി ജെ പി ക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയും ഇല്ല എന്നെല്ലാവർക്കുമറിയാം. എന്നാൽ പാലക്കാട് നിയമസഭ സീറ്റിൽ അങ്ങനെയല്ല.
എൽ ഡി എഫ് സിറ്റിംഗ് സിറ്റിങ് എം എൽ എ മാർ മത്സരിക്കുന്ന ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ഒരിടത്തു പോലും ബി ജെ പി ക്ക് വിദൂരവിജയസാധ്യത പോലുമില്ലെന്നോർക്കണം എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.