ചാലിശേരി :റോഡിൽ നിന്നും കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് യഥാർത്ഥ ഉടമസ്ഥന് നൽകി സത്യസന്ധതയുടെ ഉദാത്ത മാതൃകയായി ചാലിശ്ശേരിയിലെ ചുമട്ടു തൊഴിലാളികൾ
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടുകൂടി ചാലിശ്ശേരി പട്ടാമ്പി റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്ത് പേഴ്സ് വീണുകിടക്കുന്നതായി ചാലിശ്ശേരിയിലെ ഐ.എൻ.ടി.യു.സി.- സി.ഐ.ടി.യു.ചുമട്ടു തൊഴിലാളികൾ കണ്ടത്.ഉടൻ തന്നെ പേഴ്സ് ചുമട്ടു തൊഴിലാളികളായ സന്തോഷ്,സുന്ദരൻ എന്നിവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽ നിന്നും പേഴ്സ് പരിശോധിച്ചു നോക്കിയപ്പോഴാണ് പേഴ്സിൽ 12,000 രൂപയും രേഖകളും ഉള്ളതായി കണ്ടത്. രേഖകൾ പരിശോധിച്ചതിൽ നിന്നും ചാലിശ്ശേരി പെരുമണ്ണൂർ പഴയിടത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിശ്വനാഥൻ എന്ന വ്യക്തിയുടേതാണ് പേഴ്സ് എന്ന് മനസ്സിലാകുകയും, പേഴ്സിന്റെ യഥാർത്ഥ ഉടമയെ അറിയിക്കുകയും ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വി.ആർ.റനീഷ് മുഖേന
പേഴ്സ് കൈമാറുകയും ചെയ്തു.സാധാരണ ഹോട്ടൽ തൊഴിലാളിയായ വിശ്വനാഥൻ വീടു റിപ്പയറിനായി കടം വാങ്ങിയിരുന്ന പൈസ നഷ്ടപ്പെട്ടതിൽ വിശ്വനാഥനും കുടുംബവും അതീവ ദുഃഖിതരായിരുന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത,പൊതുപ്രവർത്തകൻ പ്രദീപ് ചെറുവശ്ശേരി,സി.ഐ.ടി.യു.തൊഴിലാളികളായ സന്തോഷ്,സുന്ദരൻ എന്നിവർ സന്നിഹിതരായിരുന്നു. ചുമട്ടുതൊഴിലാളികളുടെ സത്യസന്ധത സമകാലിക സമൂഹത്തിൽ കാലിക പ്രസക്തമായ സത്പ്രവൃത്തിയാണെന്ന് തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ട് സബ്ബ് ഇൻസ്പെക്ടർ വി. ആർ.റനീഷ് പറഞ്ഞു.