കുന്നംകുളം : എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് അമ്മയുടെ വീട്ടിൽ വിരുന്നു വന്ന 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു.
എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ 14 വയസ്സുള്ള അക്ഷയ് ആണ് മരിച്ചത്.ശനിയാഴ്ച 11 മണിയോടെയായിരുന്നു അപകടം.
കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരാണ് കുട്ടിയെ പുറത്തെടുത്തത്.കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അഗ്നി രക്ഷാസന ഉദ്യോഗസ്ഥനായ ടിവി സുരേഷ് കുമാറാണ് സ്കൂബ ഡൈവിംഗ് ഉപയോഗിച്ച് 20 അടി താഴ്ച്ചയിൽ നിന്നും കുട്ടിയെ പുറത്തെടുത്തത്.
കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഇൻ ചാർജ് ജയകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഹരിക്കുട്ടൻ,ആദർശ്,നവാസ് ബാബു,ശരത് സ്റ്റാലിൻ ൽ,റഫീഖ്, രഞ്ജിത്ത്, വിഷ്ണുദാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.