പട്ടാമ്പി :മരുതൂരിൽ വീട് കുത്തി തുറന്ന് ഉണ്ടായ മോഷണത്തിൽ 38പവനനോളം സ്വർണ്ണാഭരണവും 16000 രൂപയും നഷ്ടപ്പെട്ടു. മരുതൂർ പുലാശ്ശേരിക്കര റോഡിൽ തൂമ്പിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിനുളളിൽ സൂക്ഷിച്ചിരുന്ന 38പവനോളം സ്വർണ്ണാഭരണവും 16,000രൂപയുമാണ് മോഷണം പോയത്. ഇതിൽ 30 പവൻ സ്വർണ്ണാഭരണം അയൽവാസി സൂക്ഷിക്കാൻ കൊടുത്തതാണെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ആശുപത്രി ആവശ്യത്തിനൊയി അബൂബക്കറും കുടുംബവും തൃശ്ശൂരിലേക്ക് പോയിരുന്നു. തിരിച്ച് വരാൻ വൈകിയതിനാൽ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് കവർന്നത്. അബൂബക്കറിന്റെ പരാതിയെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഷൊർണ്ണൂർ ഡി.വൈ.എസ്.പി. ഹരിദാസന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി ഡി.വൈ.എസ്.പി. പറഞ്ഞു.