പട്ടാമ്പി : പട്ടാമ്പി ആമയൂർ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിൽ സംഘർഷം. അവസാന വർഷ വിദ്യാർഥികളും കോളേജിൽനിന്ന് ഈ വർഷം പഠിച്ചിറങ്ങിയ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. വടികളുമായി ഇരുസംഘങ്ങളും പരസ്പരം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
കോളേജ് അധികൃതരെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും കാര്യമായി പരിക്കില്ല. കഴിഞ്ഞവർഷം കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് വിവരം.
അതേസമയം, ഇപ്പോഴുണ്ടായ സംഘർഷത്തിൽ പോലീസിൽ പരാതി ലഭിക്കുകയോ ആരും ആശുപത്രിയിൽ ചികിത്സതേടുകയോ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനാൽ പോലീസ് നടപടിയെടുത്തേക്കും.