ഭാഗ്യപരീക്ഷണത്തിൽ ചാലിശ്ശേരിയിൽ യു.ഡി.എഫിന് ഭരണത്തുടർച്ച.

 


ചാലിശ്ശേരി: ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡൻ്റായി യു.ഡി.എഫിലെ വിജേഷ് കുട്ടൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയും എഴാം വാർഡ് മെമ്പറുമായ പി.വി രജീഷിനും യു.ഡി.എഫ് സ്ഥാനാർത്ഥിയും  രണ്ടാം വാർഡ് മെമ്പറുമായ വിജേഷ് കുട്ടനും ഏഴ് വീതം വോട്ടുകളാണ് ലഭിച്ചത്. ഇരുവരും തുല്യ നിലയിലായതോടെ ടോസിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർഥി വിജേഷ് കുട്ടൻ നേട്ടം കൈവരിച്ചത്. ഇതോടെ യു.ഡി.എഫിന് ഭരണ തുടർച്ച ലഭിച്ചതിൻ്റെ ആശ്വാസത്തിലാണ്.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന യു.ഡി.എഫിലെ എ.വി സന്ധ്യ പ്രസിഡണ്ട് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവച്ചതോടെയാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭരണപ്രതിസന്ധി സംജാതമായത്. ഭരണം കൈവിട്ടുപോകുമെന്ന ആശങ്കയിലായിരുന്നു നേതൃത്വം.

ആകെയുള്ള 15 വാർഡുകളിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിനും ഏഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒമ്പതാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി സന്ധ്യ നേതൃത്വവുമായി ഇടഞ്ഞ് പ്രസിഡണ്ട് സ്ഥാനവും മെമ്പർ സ്ഥാനവും ഒരുമിച്ച് രാജിവച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഭരണ പ്രതിസന്ധി സൃഷ്ടിച്ച എ.വി സന്ധ്യയെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ഇന്ന്  രാവിലെ 11മണിക്ക് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച വാരണാധികാരി സുഹാനയുടെ നേതൃത്വത്തിലാണ്  പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

Swale

Tags

Below Post Ad