കപ്പൂർ : ഗ്രന്ഥശാല രംഗത്ത് നിസ്വാർത്ഥ പ്രവര്‍ത്തനം നടത്തുന്നവർക്ക് അക്ഷരജാലകം നല്‍കുന്ന പി.എന്‍ പണിക്കര്‍ പുരസ്ക്കാരത്തിന് കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ധീന്‍ കളത്തില്‍ അര്‍ഹനായി. പതിനായിരം രൂപയുടെ പുസ്തകങ്ങളും, പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അങ്കണവാടിയില്‍ ഒരു ലൈബ്രറി എന്ന പദ്ധതി പ്രകാരം ചേക്കോട് അങ്കണവാടിയില്‍ വായനശാല തുറന്നതും,
ഇതര പ്രദേശങ്ങളിലുള്ള വായനശാലകൾ സജീവമാക്കുന്നതിനും നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
ചേക്കോട് അങ്കണവാടി വായനശാലയെ ആശ്രയിക്കുന്നതിലേറെയും അമ്മമാരും കുട്ടികളുമാണ്.
2022ലാണ് ചേക്കോട് വായനശാല ആരംഭിച്ചത്. ഇപ്പോൾ അറന്നൂറിലേറെ പുസ്തകങ്ങളുണ്ട്. ഷറഫുദ്ധീന്‍ കളത്തിലിന്‍റെ ഇടപെടലുകള്‍ കൊണ്ട് നാട്ടുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുകയായിരുന്നു.
ഗ്രന്ഥശാല രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് കഴിഞ്ഞ വർഷം കൂറ്റനാട് സ്വദേശി വി.പി ഹൈദ്രു മാസ്റ്റര്‍ക്കാണ് പി.എന്‍ പണിക്കര്‍ പുരസ്ക്കാരം ലഭിച്ചത്.