കൊപ്പം; പന്തിരുകുല പുരാവൃത്തമുറങ്ങുന്ന രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്നതിനാൽ കൊപ്പം - തിരുവേഗപ്പുറ റൂട്ടിൽ 17-ാംതീയതി വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.
ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. കൊപ്പം ഭാഗത്തു നിന്നും പോകുന്ന വാഹനങ്ങൾ വിളയൂർ -നെടുങ്ങോട്ടൂർ - കൈപ്പുറം വഴിയും, വളാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ - ചെമ്പ്ര വഴിയും പോകേണ്ടതാണ്.
റോഡ് അരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടുപോകരുത്. ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. പൊതുസുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്രാ വേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും ഒഴിവാക്കണമെന്നും കൊപ്പം പോലീസ് അറിയിച്ചു.
ഷൊർണൂർ ഡി.വൈ.എസ്.പി ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ 170 ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ് വാരത്തും ഏർപ്പെടുത്തും