നഷ്ടപെട്ടത് ഹൃദയ ശസ്ത്രക്രിയക്കായുള്ള എട്ടുലക്ഷം രൂപ;ഹൃദയത്തോട് ചേർത്ത് സുബിൻ

 


തൃശൂർ: പൂത്തോൾ ശങ്കരയ്യറോഡിലുള്ള കളത്തിൽ വീട്ടിൽ സുബിന് കടകൾതോറും മിനറൽ വാട്ടർ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ  ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോൻ പാർക്കിനു മുൻവശത്തായ റോഡിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോൾ കണ്ടത് നിറയെ നോട്ടിൻെറ കെട്ടുകൾ.  ഉടൻതന്നെ സുബിൻെറ തൻെറ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തു. 


വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ സുബിൻ ബാഗും പോലീസിൻെ ഏല്പിച്ച് ഉണ്ടായ സംഭവവും അറിയിച്ചു. പോലീസുദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 8 ലക്ഷത്തോളം രൂപയാണ് അതിൽ ഉണ്ടായിരുന്നത്. കൂടെ ആധാർകാർഡും പാൻകാർഡുമടക്കം വിലപിടിപ്പുള്ള രേഖകളും. ബാഗിൽ കണ്ട ഫോൺ നമ്പരിലേക്ക് വിളിച്ച് ഉടൻതന്നെ കോൾ എടുത്ത അയാൾ ചോദിച്ചു എൻെറ ഒരു പണമടങ്ങിയ ബാഗ് നഷ്ടപെട്ടിട്ടുണ്ട് നിങ്ങൾക്കെങ്ങാനും കിട്ടിയോ...


എല്ലാം നേരിട്ടുപറയാം വേഗം സ്റ്റേഷനിലേക്കുവരണം എന്നു പറഞ്ഞ് ഫോൺ വച്ച് കുറിച്ചുകഴിഞ്ഞപ്പോൾതന്നെ ഒരാൾ സ്റ്റേഷനിലേക്കെത്തി. സാർ എൻെറ വീട് ഒല്ലൂക്കര മുളയം ഭാഗത്താണ് എൻെറ പണമാണ് പോയത്.    ആകെ അസ്വസ്ഥനായാണ് അയാൾ ഇൻസ്പെ്കടർ ലാൽകുമാറനോട് സംസാരിച്ചത്. നിങ്ങൾ സമാധാനമായിരിക്കൂ പണം കിട്ടിയിട്ടുണ്ട് ഇൻസ്പെ്കടർ  അയാളെ ആശ്വസിപ്പിച്ചു.  ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിച്ച് ഉടൻതന്നെ വിവരം അറിയിക്കണം എന്നും ആത്മവിശ്വാസം കൈവിടാതെ ധൈര്യമായിരിക്കണം എന്നും അദ്ദേഹത്തോട് പറഞ്ഞുകൊടുക്കുകയും ചെയ്തു.


അയാൾ അല്പം കിതപ്പോടെയാണ് തുടർന്നുപറഞ്ഞത് സാർ എനിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട്  അടുത്ത ആഴ്ച എൻെറ ഓപ്പറേഷൻ നടക്കാനിരിക്കുകയാണ് ഓപ്പറേഷനുള്ള പണം ബാങ്കിൽ നിന്നും എടുത്ത് വീട്ടിലേക്ക് പോയതാണ്. വീട്ടിലെത്തിയപ്പോഴാണ് വണ്ടിയിൽ തൂക്കിയിട്ട  ബാഗ് വീണുപോയി എന്നറിഞ്ഞത് അപ്പോൾ മുതൽ ഞാൻ ആകെ അസ്വസ്ഥനായി വീണ്ടും നെഞ്ചുവേദനവരുമോ എന്നും പേടിയുണ്ടായരുന്നു.    സാറേ ബാഗ്  ആർക്കാ സാറേ കിട്ടിയത്..? 


ഇൻസ്പെക്ടർ ലാൽകുമാർ  ബാഗുമെടുത്ത് സുബിന് കൊടുത്തു. സുബിൻ ഉണ്ടായ സംഭവം വിശദീകരിച്ച് ബാഗ് പോലീസുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു. ബാഗിനോടൊപ്പം സുബിനേയും അദ്ദേഹം നെഞ്ചോട് ചേർത്തുപിടിച്ചു.  ബാഗിലുണ്ടായിരുന്നതെല്ലും അവിടെതന്നെ ഉണ്ട് എന്ന് ഉറപ്പുവരുത്തി തിരിച്ചുപോകുമ്പോൾ  തൻെറ ജീവനാണ് സുബിൻ തിരിച്ചുതന്നതെന്നും പറഞ്ഞ് സുബിനെ തോളിൽ തട്ടിയും കൈകൊടുത്തും നന്ദി അറിയിച്ച് സന്തോഷം പങ്കിട്ടാണ് തിരികെ പോയത്.  പോലീസുദ്യോഗസ്ഥരും സുബിനെ അഭിനന്ദിച്ചു.  



Tags

Below Post Ad