ചാലിശ്ശേരി:നായ മുന്നിൽ ചാടി; ചാലിശ്ശേരിയിൽ ബസ് മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം.
ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിന് സമീപത്താണ് അപകടം. ഇന്ന് രാവിലെ 7.30ന് ചാലിശ്ശേരിയിൽ നിന്ന് എടപ്പാളിലേക്ക് നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ്സാണ് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചത്.
ചാലിശ്ശേരി - കവുക്കോട്- റോയൽ ഡെന്റൽ കോളേജ്- കൂനംമൂച്ചി വഴി എടപ്പാളിലേക്ക് പോകുന്ന തമീം ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ മുൻവശത്തെ ചില്ല് തകർന്നതിനാൽ മുന്നിൽ ഇരുന്നവർക്കും, നിന്നവർക്കും പരിക്കുകളുണ്ട്.