ചേലക്കര യു ആർ പ്രദീപ് വിജയിച്ചു

 



ചേലക്കര നിയോജക മണ്ഡലം ഏഴാം തവണയും ഇടതുപക്ഷത്തിനൊപ്പം. 28 വർഷമായി ചേലക്കരയിൽ ഉയർന്നു പാറുന്ന ചെങ്കൊടി വീണ്ടും ഉയരങ്ങളിലേക്ക് ഉയർത്തുകയാണ് യു.ആർ പ്രദീപ്.  1996ൽ സി.പി.എമ്മിലെ കെ.രാധാകൃഷ്ണൻ കോൺഗ്രസിൽനിന്ന് മണ്ഡലം തിരിച്ചു പിടിച്ചശേഷം ചേലക്കരയുടെ ചുവപ്പ് വിജയം ഇന്നും തുടരുകയാണ്. 

1965ൽ രൂപീകൃതമായ പട്ടികജാതി സംവരണ മണ്ഡലത്തിൽ 1996വരെ ഇരുമുന്നണികളും മാറി മാറി വിജയിച്ചു. എന്നാൽ 1996ൽ കെ.രാധാകൃഷ്ണൻ 2323 വോട്ടിൻ്റെ ലീഡ് നേടിയാണ് ചേലക്കരയിൽ ചെങ്കൊടി ഉയർത്തിയത്.

2001ൽ യു.ഡി.എഫ് തരംഗത്തിലും കെ. രാധാകൃഷ്‌ണൻ വിജയിച്ചു. 1475 വോട്ട് ഭൂരിപക്ഷവും 56451 വോട്ടും നേടി. യു.ഡി.എഫിലെ കെ.എ തുളസിക്ക് 54976 വോട്ടും ബി.ജെ.പിയിലെ ഇ.പി സുരേഷ് 4856 വോട്ടും നേടി.

2006ൽ കെ.രാധാകൃഷ്‌ണൻ്റെ ഭൂരിപക്ഷം 14629 വോട്ടായി വർധിച്ചു. 62695 വോട്ടും എൽ.ഡി.എഫ് നേടി. യു.ഡി.എഫിലെ പി.സി മണികണ്‌ഠൻ 48066 വോട്ടും ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാട് 6257 വോട്ടും നേടി.

2011ൽ കെ.രാധാകൃഷ്‌ണൻ 24676 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 73683 വോട്ട് നേടി. യു.ഡി.എഫിലെ കെ.ബി ശശികുമാർ 49007 വോട്ടും, ബി.ജെ.പിയിലെ വി.എ കൃഷ്ണകുമാരൻ 7056 വോട്ടും നേടി.

2016ൽ എൽ.ഡി.എഫിലെ യു.ആർ പ്രദീപ് കന്നി മത്സരത്തിൽ 10200 വോട്ട് ഭൂരിപക്ഷം നേടി. പ്രദീപിന് 67771 വോട്ടും യു.ഡി.എഫിലെ കെ.എ തുളിസിക്ക് 57571 വോട്ടും നേടി. എൻ.ഡി.എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് 23845 വോട്ട് നേടി.

2021ൽ കെ.രാധാകൃഷ്‌ണൻ 39,400 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷം നേടി. കെ.രാധാകൃഷ്‌ണൻ 83415 വോട്ടും യു.ഡി.എഫിലെ സി.സി ശ്രീകുമാർ 44015 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്  24045 വോട്ടും നേടി. രണ്ടുതവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായ കെ.രാധാകൃഷ്‌ണൻ പാർലിമെൻ്റ് അംഗമായതോടെയാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ആർ പ്രദീപിൻ്റെ രണ്ടാം വിജയമാണിത്. യു.ഡി.എഫിലെ രമ്യ ഹരിദാസിനെയാണ് 12000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പ്രദീപ് തോൽപ്പിച്ചത്.

Below Post Ad