പൊന്നാനി : കുറ്റിപ്പുറം മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ അടുത്തയാഴ്ചയോടെ ആറുവരിപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കും
ഈ ഭാഗങ്ങളിൽ ഇനി സർവീസ്
റോഡിനെ ആശ്രയിക്കാതെ ആറുവരിപ്പാതയിലൂടെ യാത്ര ചെയ്യാൻ കഴിയും. ചമ്രവട്ടം ജംക്‌ഷനിലെ മേൽപാലത്തിന്റെ നിർമാണമാണ് ഈ ഭാഗത്ത് പ്രധാനമായും ബാക്കിയുണ്ടായിരുന്നത്.
പള്ളപ്രം മേൽപാലവും പുതുപൊന്നാനി മേൽപാലവും ചമ്രവട്ടം ജംക്‌ഷനിലെ മേൽപാലവുമെല്ലാം ദിവസങ്ങൾക്കകം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും.
പെയ്ന്റിങ് തുടങ്ങിക്കഴിഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും അവസാന ഘട്ടത്തിലാണ്.ഇതോടൊപ്പം തന്നെ റോഡിൽ ക്യാമറകൾ സ്ഥാപിക്കുന്ന പണികളും ഉടൻ തുടങ്ങും. ഓരോ 500 മീറ്ററിനിടയിലും പാതയിൽ
ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ റോഡിന്റെ മുഴുവൻ ഭാഗങ്ങളും ക്യാമറ നിരീക്ഷണത്തിലാകും. ദൃശ്യങ്ങളെല്ലാം ടോൾ പ്ലാസയിലൊരുക്കുന്ന ബിഗ് സ്ക്രീനിൽ തെളിയും.അപകടങ്ങളുണ്ടായാൽ അതിവേഗം തന്നെ രക്ഷാ പ്രവർത്തനത്തിന് ഇത് ഏറെ സൗകര്യമാകും.
കരാർ പ്രകാരം മുൻകൂട്ടി തീരുമാനിച്ച തീയതിയിൽ തന്നെ മലപ്പുറം ജില്ലയിൽ ആറുവരിപ്പാത പൂർത്തിയാകുമെന്നാണ് കരുതുന്നത്.നിർമാണം തടസ്സങ്ങളില്ലാതെ അതിവേഗം മുന്നോട്ടു നീങ്ങുന്നുണ്ട്.
കുറ്റിപ്പുറം റെയിൽവേ മേൽപാലമാണ് അൽപം നീളാൻ സാധ്യതയായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. റെയിൽവേയുടെ അനുമതി വൈകിയതിനാൽ പാലത്തിന്റെ നിർമാണവും വൈകിയാണ് തുടങ്ങിയിരുന്നത്.