പട്ടാമ്പി: ചിട്ടി നടത്തി കോടികളുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയ കാരാട്ട് കുറീസിൽ പൊലീസ് പരിശോധന. അടച്ചുപൂട്ടിയ പട്ടാമ്പി ശാഖയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയുടെ കാര്യമറിഞ്ഞ് ഇടപാടുകാരും സ്ഥലത്തെത്തി. പട്ടാമ്പി എസ്. ഐ. മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് ഇടപാടുകാരും സ്ഥലത്ത് എത്തിയിരുന്നു. പട്ടാമ്പി തൃത്താല ഭാഗങ്ങളിൽ നിന്നുളള നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടതായുളള പരാതി നിലനിൽക്കുന്നുണ്ട്. ഉടമകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.
മലപ്പുറം കൂരിയാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാരാട്ട് കൂറീസ് ഉടമകൾ കോടികളുമായി മുങ്ങിയെന്ന പരാതികളുമായി ഇടപാടുകാർ വിവിധ ജില്ലകളിൽ രംഗത്ത് എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ ജില്ലകളിലെ 14 ശാഖകളിൽ നിന്നുളള തുകയുമായാണ് ഉടമകൾ മുങ്ങിയത്. തൃത്താല, പട്ടാമ്പി മേഖലകളിലും നൂറുകണക്കിനാളുകൾ ഇരകളാണ്. വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്.