ചാലിശ്ശേരി: വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പ്രകടനം ഇന്ന് ചാലിശ്ശേരിയിൽ അരങ്ങേറും
ജനുവരി 12ന് ഞായറാഴ്ച രാവിലെ എട്ടിന് ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഫെഡറേഷന് കീഴിലുള്ള ഇന്ത്യക്കാരായ ആറായിരത്തോളം കരാട്ടെ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ലോക റെക്കോർഡ് നേടുവാനുള്ള പ്രകടനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ കൂറ്റനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികളും 250 ലേറെ അധ്യാപകരുമുള്ള ഫെഡറേഷൻ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ കരാട്ടെ ക്ലാസുകൾ നടത്തുന്നുണ്ടെന്നും പരിശീലനം ലഭിച്ച 404 കരാട്ടെ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് നൽകി വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.
അടുത്ത വർഷം പതിനഞ്ചിലധികം രാജ്യങ്ങളിലേക്ക് ഫെഡറേഷൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും,
സ്നേഹ, ബഹുമാനങ്ങളോടെ പെരുമാറുന്ന ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നതെന്നും ഗ്രാൻ്റ് മാസ്റ്റർ മുഹമ്മദ് ആഷിഖ്, സെക്രട്ടരി ജനറൽ റെൻഷി വിനൂപ്, ജില്ലാ ചീഫ് മിഥുൻലാൽ, ജസീം, അബൂബക്കർ സിദ്ദീഖ് എന്നിവർ പറഞ്ഞു.