ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം 27, 28 തീയതികളിൽ വിവിധ പരിപാടികളുടെ ആഘോഷിക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ സംഗമ ഭൂമികയായ മുലയംപറമ്പത്തുകാവ് പൂരം കാണാൻ 96 ദേശങ്ങളിൽ നിന്ന് ആയിരങ്ങൾ ചാലിശ്ശേരിയിൽ എത്തുമെന്നും ഉത്സവത്തിന് ഒരുക്കം പൂർത്തിയായെന്നും കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദേവസ്വം വക അഞ്ച് ആനകളും, ഉപകമ്മിറ്റികളുടെ നേതൃത്വത്തിൽ 33 ആനകളും എഴുന്നള്ളിപ്പിന് എത്തും. തലയെടുപ്പുള്ള തെച്ചിക്കോട്ട് രാമചന്ദ്രൻ, ചെർപ്പുളശ്ശേരി രാജശേഖരൻ, ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ തുടങ്ങിയ ഗജവീരന്മാർ ഉത്സവത്തിന് കൊഴുപ്പ് പകരും. വൈകുന്നേരം 6.30 മുതൽ 7.30 വരെ കൂട്ടി എഴുന്നള്ളിപ്പുണ്ടാവും.
മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഗംഭീര മേളവും അരങ്ങേറും. തെയ്യം, തിറ, കരിങ്കാളി, ചോഴി, പൂതൻ, കരിവേഷങ്ങൾ, ശിങ്കാരിമേളം, തപ്പുമേളം തുടങ്ങിയ നാടൻ കലകളും പരമ്പരാഗത വേലകളും അണിനിരക്കും.
പൂരത്തിന്റെ ഭാഗമായി 27ന് വ്യാഴാഴ്ച പ്രസിദ്ധമായ പതിരുവാണിഭം നടക്കും. മത്സ്യവാണിഭത്തിന് പുറമെകാർഷിക ഉല്പന്നങ്ങളും ഉപകരണങ്ങളും മൺപാത്രങ്ങളും വാണിഭത്തിൽ ഇടം പിടിക്കും. വടക്കേ ഇന്ത്യയിൽ നിന്നുള്ള മുത്തുമാലകൾ, കളിക്കോപ്പുകൾ, പാത്രങ്ങൾ എന്നിവ മുതൽ കൊട്ട, വട്ടി, ചക്ക, മാങ്ങ, ചൂൽ വരെ ഇവിടെ വില്പനക്കെത്തും.
സുരക്ഷയുടെ ഭാഗമായി സി.സി ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂര നഗരി ഉൾപ്പെടെ ഏഴ് കി.മീറ്റർ പ്രദേശം മൂന്നര കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തതായി കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
200 ലേറെ പോലീസ് സേനയും 20 ലേറെ ട്രോമ കെയർ അംഗങ്ങളും ഫയർ യൂനിറ്റുകളും എലിഫൻ്റ് സ്ക്വാഡും ഫസ്റ്റ് എയ്ഡ് വിഭാഗവും സ്ഥലത്തുണ്ടാവും.
ഭാരവാഹികളായ കെ.കെ മുരളി, സി.കെ സുഷി, പി.പി രതീഷ്മോൻ, കെ.കെ സുബീഷ്, പ്രദീപ് ചെറുവാശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.