സിപിഎം നിയന്ത്രിക്കുന്ന തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ വലിയ സാമ്പത്തിക തട്ടിപ്പും ഗുരുതരമായ ക്രമക്കേടുകളുമാണ് നടത്തിയിരിക്കുന്നത് എന്ന് വി.ടി.ബൽറാം
വഞ്ചിക്കപ്പെട്ട നിക്ഷേപകർക്കൊപ്പം ഇന്ന് തൃത്താല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സഹകരണ സംഘത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുക, കൃത്യമായ അന്വേഷണം നടത്തി തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി കൂടുതൽ സമര പരിപാടികൾ തൃത്താലയിൽ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു
പണം നഷ്ടപ്പെട്ട നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്. ചികിത്സക്കായും കുട്ടികളുടെ വിദ്യാഭ്യാസത്തിനായുമൊക്കെ പാവപ്പെട്ട അമ്മമാർ സ്വരുക്കൂട്ടി വച്ച തുകകളാണ് സിപിഎമ്മുകാരായ സഹകരണ സംഘം നടത്തിപ്പുകാർ അടിച്ചുമാറ്റിയത്. ഇപ്പോഴത്തെ സംഘം ഭാരവാഹികൾക്ക് പുറമേ മുൻ ഭാരവാഹികളായ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ ഭാര്യയുമടക്കമുള്ള സിപിഎം ഉന്നതർ ആരോപണ വിധേയരായി നിൽക്കുകയാണ്.
വെറും 3000 രൂപ മുതൽ നാലര ലക്ഷം രൂപ വരെ നഷ്ടപ്പെട്ട സഹോദരിമാരാണ് പരാതിയുമായി വന്നിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം ഇവരുടെ പരാതി സ്വീകരിച്ച് FIR ഇടാൻ പോലും പോലീസ് തുടക്കത്തിൽ തയ്യാറായില്ല. രണ്ടാഴ്ചയോളം വച്ച് താമസിപ്പിച്ചതിന് ശേഷം ഇട്ട FIRലാവട്ടെ സിപിഎം പ്രധാനികളെ ഒഴിവാക്കി രണ്ട് പേരെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. പരാതിക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.