വിടവാങ്ങിയത് പടിഞ്ഞാറങ്ങാടിയുടെ സ്വന്തം സലാമുക്ക

 


പടിഞ്ഞാറങ്ങാടി : അരനൂറ്റാണ്ടിലേറെ പടിഞ്ഞാറങ്ങാടിയുടെ സ്‌പന്ദനം അറിഞ്ഞ സലാം ഹാജി വിടവാങ്ങി. സൂപ്പർ മാർക്കറ്റുകളും മാളുകളും ഗ്രാമങ്ങളിൽ പോലും പെരുകിവരുന്ന വർത്തമാനകാലത്തിന് മുൻപ് പടിഞ്ഞാറങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആശ്രയം സലാമുക്ക (പരുത്തിക്കാട്ടിൽ അബ്‌ദുസ്സലാം ഹാജി)യുടെ പലചരക്ക് കടയായിരുന്നു.

പ്രായഭേദമില്ലാതെ സ്നേഹവും ആദരവും നൽകിയുള്ള പെരുമാറ്റം അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കി. 

അദ്ദേഹത്തിന്റെ കടയിൽ ഒരു തവണയെങ്കിലും കയറിയിറങ്ങാത്ത നാട്ടുകാർ വിരളമാണ്. പണം കയ്യിലില്ലെങ്കിലും ഉപഭോക്താക്കളെ അദ്ദേഹം നിരാശരാക്കാറില്ല. പാവപ്പെട്ടവന്റെ പട്ടിണി മാറ്റാൻ എന്നും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ ചെറുകിട കച്ചവടക്കാരെ സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചു. അങ്ങാടി യൂണിറ്റ് പ്രസിഡന്റും ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ പൂർവകാല സേവനത്തെ മുൻനിർത്തി അങ്ങാടി യൂണിറ്റ് കഴിഞ്ഞ വർഷം അദ്ദേഹത്തെ ആദരിച്ചിരുന്നു.

സലാം ഹാജിയെക്കുറിച്ച് പടിഞ്ഞാറങ്ങാടിക്കാർക്ക് എന്നും നല്ലത് മാത്രമേ പറയാനുള്ളൂ.കടയുടെ വരാന്തയിൽ ഇട്ടിരുന്ന ബെഞ്ചായിരുന്നു നാട്ടിലെ മിക്ക പ്രമുഖരുടെയും വൈകു ന്നേരങ്ങളിലെ സംഗമ കേന്ദ്രം. ഇവിടെയിരുന്ന് നാട്ടുകാർക്കിടയിലെ ചെറുതും വലുതുമായ പല പ്രശ്ന‌ങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം കണ്ടിരുന്ന പഴയകാലം ഇന്നും ആളുകൾ മറന്നിട്ടില്ല.

ഇന്നലെയായിരുന്നു അദ്ദേഹ ത്തിൻ്റെ മരണം. കടയുടെ നടത്തിപ്പ് ഇപ്പോൾ മകൻ നൗഫലി നാണ്.

©Manorama



Below Post Ad