ശതാഭിഷേക നിറവിൽ ചാലിശ്ശേരി കോൺഗ്രസ് നേതാവ് പി.സി. ഗംഗാധരൻ ; നാടിൻ്റെ ആദരവ് ഇന്ന്

 



കൂറ്റനാട് :പൊതു പ്രവർത്തന രംഗത്ത് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ചാലിശ്ശേരിയിലെ ആദ്യകാല കോൺഗ്രസ് നേതാവ് പി.സി ഗംഗാധരൻ്റെ ശതാഭിഷേകത്തിൻ്റെ ഭാഗമായി നാടിൻ്റെ സ്നേഹ ഗംഗാ'ദരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


കാൽ നൂറ്റാണ്ടുകാലം ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, ഡി.സി.സി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം, അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡൻ്റ്, ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, താലൂക്ക് ലാൻ്റ് ബോർഡ് അംഗം, ചാലിശ്ശേരി ആശുപത്രി ഉപദേശക സമിതി അംഗം, ക്ഷേത്ര കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിൽ പൊതുരംഗത്ത് നിറസാന്നിധ്യമാണ് ശതാഭിഷിക്തനായ പി.സി ഗംഗാധരൻ. ആയിരം പൂർണ്ണ ചന്ദ്രന്മാരുടെ നിലാ ശോഭയിൽ നിൽക്കുന്ന പി.സിയെ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പം ജന്മദേശവും ആദരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.


സെപ്തംബർ 21 ന് ഞായറാഴ്ച 4 മണിക്ക് ചാലിശ്ശേരി കടവാരത്ത് ബിൽഡിങ്ങ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി ഉമ്മർ മൗലവി അധ്യക്ഷത വഹിക്കും. എ.പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മുൻ എം.എൽ.എ വി.ടി ബൽറാം മുഖ്യാതിഥിയായി പങ്കെടുക്കും. കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.


നേതാക്കളായ സി.വി ബാലചന്ദ്രൻ, പി.വി ഉമ്മർ മൗലവി, ടി.കെ സുനിൽകുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Tags

Below Post Ad