അഞ്ചൂറ് രൂപയ്ക്ക് പഴയ സാധനങ്ങൾ നൽകിയ യുവാവിന് ആക്രി കച്ചവടക്കാർ നൽകിയത് എട്ടിന്റെ പണി

 



കൂറ്റനാട് : വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമെല്ലാം കൂടി അഞ്ചു ചാക്ക് നിറയെ പഴയ സാധനങ്ങൾ ആക്രിക്കാർക്കു വിറ്റ ചാഴിയാട്ടിരിയിലെ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. പഴയ സാധനങ്ങൾ എടുത്തവർ അതിൽ നിന്നും ആവശ്യമുള്ളത് എടുത്തു ബാക്കി തോട്ടിൽ തള്ളിയതോടെ യുവാവിന് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 5,000 രൂപ പഞ്ചായത്തിൽ പിഴയായി ഒടുക്കേണ്ടിവന്നു.


സാധനങ്ങൾ കൊടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യ ശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോൺസന്ദേശം വന്നത്. നിങ്ങളുടെ നഷ്ടപ്പെട്ട എടിഎം കാർഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാൽ തിരിച്ചുതരാമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഉദ്യോഗസ്ഥർ അയച്ചുനൽകിയ ലൊക്കേഷൻ സൂചനപ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരന് വിറ്റ പഴയ സാധനങ്ങളെല്ലാം 11-ാം വാർഡിലെ മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള തോട്ടിൽ കുന്നുകൂടിക്കിടക്കുന്നതു കണ്ടത്.


പഴയ സാധനങ്ങൾ കൊടുത്തതിൽ അറിയാതെപെട്ടതാണ് എടിഎം കാർഡെന്നും അവയിൽ നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കൾ വാങ്ങിയവർ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാൽ, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിെൻറ പേരിൽ ഉദ്യോഗസ്ഥർ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴത്തുക അടച്ചു.

Tags

Below Post Ad