കുറ്റിപ്പുറം ∙ ദേശീയപാത 66ൽ ഇനി തോന്നിയ പോലെ വാഹനം ഓടിച്ചാൽ പണി കിട്ടും. ക്യാമറ സജ്ജമായി. കുറ്റിപ്പുറത്തും വെട്ടിച്ചിറയിലും കൺട്രോൾ റൂമുകളും തുറന്നു. ഒക്ടോബർ 1 മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി തുടങ്ങും
വളാഞ്ചേരി -കാപ്പിരിക്കാട് റീച്ചിൽ കുറ്റിപ്പുറം ഹൈവേ ജംക്‌ഷനു സമീപവും വളാഞ്ചേരി - രാമനാട്ടുകര റീച്ചിൽ വെട്ടിച്ചിറ ടോൾ പ്ലാസയിലുമാണു കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക.
ദേശീയപാതയിൽ ജില്ലയിൽ 115 ക്യാമറകളാണുള്ളത്. 500 മീറ്റർ ഇടവിട്ട് 3 തരം ക്യാമറകൾ. ഇതിൽ 360 ഡിഗ്രി ക്യാമയാണ് പ്രധാനം. ചുറ്റും തിരിഞ്ഞ് മുഴുവൻ ദൃശ്യവും ശേഖരിക്കും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, റോഡ് ക്രോസിങ്, വാഹനങ്ങളുടെ പാർക്കിങ് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം കൺട്രോൾ റൂമിലെ കംപ്യൂട്ടറിൽ തെളിയും.
പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം, അതത് ട്രാക്കിൽ വാഹനം ഓടിക്കാവുന്ന പരമാവധി വേഗം,മഴ, കാറ്റ് തുടങ്ങിയ സ്ഥിതി വിവരവും നൽകുന്ന ഡിജിറ്റൽ സ്ക്രീനും പാതയുടെ പ്രത്യേകതയാണ്. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. 7 ജീവനക്കാർ വീതം 3 ഷിഫ്റ്റിലാണ് പ്രവർത്തനം.