DMC ചെയർമാൻ സ്ഥാനത്ത് നിന്ന് ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല;മന്ത്രി എംബി രാജേഷിന് മറുപടിയുമായി വി.ടി. ബൽറാം
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎൽഎയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളിൽ നല്ലോണം തെളിയുന്നുണ്ട്.
ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്. എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ടി. ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തിൽ ടൈറ്റിൽ കാർഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തിൽ മനസ്സിലാക്കാനാവും, എന്നാൽ എം ബി രാജേഷും ശിവൻകുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതിൽ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിൽ ആർക്കും ഇല്ല. X പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്നായറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടേയും കെപിസിസി പുന:സംഘടനയുടേയുമൊക്കെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതിൽ മാധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കിൽ ഉചിതമായ സമയത്ത് പാർട്ടി തന്നെ അറിയിക്കും.
ഇവിടെ എന്താണ് മന്ത്രി എം.ബി. രാജേഷിന്റെ യഥാർത്ഥ പ്രശ്നം എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോദി സർക്കാരിന്റെ പൗരത്വ കരി നിയമങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവർക്കെതിരെ "ഗോലി മാരോ സാലോംകോ", (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വർഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാർത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികൾക്കിടയിൽ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങളുടെ ജാള്യത തീർക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സ്വാഭാവികമായും തോന്നിപ്പോവുന്നു.
ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി-ഇലക്ഷൻ കമ്മീഷൻ കൂട്ടുകെട്ടിന്റെ നെറികേടുകൾക്കെതിരെ രാഹുൽഗാന്ധിയും കോൺഗ്രസും ഒറ്റക്ക് തുടങ്ങിവച്ച പോരാട്ടം ഇന്ന് ഇന്ത്യാ മുന്നണിയും രാജ്യത്തെ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബിഹാറിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ രണ്ടാഴ്ച നീണ്ട 'വോട്ടർ അധികാർ യാത്ര'യും ജനലക്ഷങ്ങളെ ഇളക്കിമറിച്ചാണ് സമാപിച്ചത്. അതീവ ഗുരുതരമായ ഈ വിഷയത്തിൽ മന്ത്രി എം ബി രാജേഷ് കാര്യമായ ഒരു പ്രതികരണവും ഇതുവരെ നടത്തിക്കണ്ടിട്ടില്ല. പത്ത് വർഷം എംപിയും യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമൊക്കെയായി നിരന്തരം ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ പ്രതികരിക്കാറുള്ളയാൾക്ക് ബിഹാറിലെ ഇലക്ഷൻ വിഷയം ഇപ്പോഴെങ്കിലും ശ്രദ്ധയിൽ വന്നതിൽ സന്തോഷം. എന്നാൽ രാജേഷിന്റെ പരമോന്നത നേതാവ് പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ ഇന്നേവരെ വാ തുറന്നിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് ഒരക്ഷരം ഉരിയാടിക്കാൻ രാജേഷല്ല, എംഎ ബേബി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.
ബിഹാറിൽ ബിജെപി മുന്നണിയുടെ അടിത്തറയിളക്കുന്ന ജനാവേശമാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും സൃഷ്ടിച്ചിരിക്കുന്നത്. അവിടെ സമനില തെറ്റിയ ബിജെപി പല വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കും. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിച്ചു എന്ന് പറഞ്ഞുള്ള വിലാപം മാത്രമല്ല, അതിന്റെ പേരിൽ ആ സംസ്ഥാനം മുഴുവൻ ബന്ദും നടത്തി ബിജെപി. അതുകൊണ്ടുതന്നെ ഇനിയും പല വ്യാജ വിവാദങ്ങളും ഊതിപ്പെരുപ്പിച്ച് ബിജെപി വരുമെന്നുറപ്പ്. അതിനെയൊക്കെ മതേതര പക്ഷത്തുനിന്ന് തുറന്നുകാട്ടുക, അവരുടെ നിലവാരത്തകർച്ചയെ വിമർശിക്കുക എന്നതാണ് സാമാന്യമായ രാഷ്ട്രീയബോധമെങ്കിലുമുള്ള ഒരാൾക്ക് ചെയ്യാനാവുക. എന്നാൽ ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവർ സ്വയം സ്വീകരിച്ചിരിക്കുന്ന വഴി. അനുരാഗ് ഠാക്കൂറിന്റെ ദീർഘകാലമിത്രത്തിന് സ്വാഭാവികമായ വഴി അത് തന്നെയായിരിക്കാം. പക്ഷേ എന്തൊരു ദുരന്തമാണത്!
എന്നേച്ചൊല്ലിയുള്ള ചില ഫേസ്ബുക്ക് വിവാദങ്ങൾ എത്ര വർഷം കഴിഞ്ഞാലും രാജേഷ് പൊടി തട്ടിയെടുക്കും എന്നത് ഒട്ടും അപ്രതീക്ഷിതമല്ല, പ്രത്യേകിച്ചും ഇലക്ഷൻ കാലമാണല്ലോ ഇനി വരാനിരിക്കുന്നത്. എന്നെ ഒരു സ്ഥിരം വഴക്കാളിയായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുക എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും രാജേഷിന്റെ പ്രചരണ തന്ത്രമായിരുന്നല്ലോ. പഴയകാല സിപിഎം നേതാവിനേക്കുറിച്ചും "മലയാളികളുടെ പ്രിയ എഴുത്തുകാരി"യേക്കുറിച്ചുമുള്ള പരാമർശ വിവാദങ്ങളുടെ പശ്ചാത്തലവും അതിലേക്ക് നയിച്ച പ്രകോപനങ്ങളുമെല്ലാം സാമാന്യബോധമുള്ള എല്ലാവർക്കും ഓർമ്മയുണ്ട്. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും എനിക്കെതിരെ അത് മാത്രം പറഞ്ഞു കൊണ്ടേയിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി എത്രത്തോളമുണ്ടെന്നും വിലയിരുത്താൻ ഇന്നാട്ടുകാർക്ക് കഴിയും. പക്ഷേ, ലിസ്റ്റിന് നീളം കൂട്ടാൻ രാജേഷ് സ്വന്തം കയ്യിൽ നിന്ന് പേരുകളെടുത്തിടരുത് എന്ന് മാത്രം വിനീതമായി ഓർമ്മപ്പെടുത്തുന്നു. രാജേഷ് ആരോപിക്കുന്നത് പോലെ എഴുത്തുകാരൻ ബെന്യാമിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ ഞാൻ ഒരു പരാമർശവും നടത്തിയിട്ടില്ല, അദ്ദേഹം ഫേസ്ബുക്കിൽ ഏറ്റുമുട്ടിയതും ഇരട്ടപ്പേര് വിളിച്ചതുമൊക്കെ മറ്റൊരു യുവനേതാവുമായിട്ടായിരുന്നു. ബെന്യാമിൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നത് തൃത്താലയിലാണെന്ന് മാത്രം. അതുപോലെ കോൺഗ്രസ് നേതാവ് ശ്രീ വി.എം. സുധീരനെതിരായി ഞാൻ ഹീനമായ പ്രചരണം നടത്തി എന്ന പച്ചക്കള്ളവും മന്ത്രി എംബി രാജേഷ് പറഞ്ഞുവക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാൻ ഏറ്റവും ചേർന്നുനിന്ന, എന്നെ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ പേരിൽ എന്തിനാണ് രാജേഷ് ഇങ്ങനെ നുണ പറയുന്നത്!
പിന്നെ രാജേഷിനെതിരായ "വ്യക്തിപരമായ" ആക്ഷേപങ്ങളുടെ കാര്യം. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ നടന്ന വ്യാപകമായ ബന്ധുനിയമനങ്ങൾ ചർച്ചയാവേണ്ടിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. എന്നാൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾ വേണ്ടവിധം ചർച്ചയാക്കിയില്ല എന്നതാണ് ഞങ്ങളുടെ പരിമിതി. അസിസ്റ്റന്റ് പ്രൊഫസർ "റാങ്ക് പട്ടിക ശീർഷാസനം ചെയ്യിച്ചാ"ണ് ഏറ്റവും താഴെയുള്ള ചില വേണ്ടപ്പെട്ടവർ പട്ടികയിൽ മുകളിലെത്തിയത് എന്ന് പരസ്യമായി പറഞ്ഞത് ഞങ്ങളാരുമല്ല, ഇന്റർവ്യൂ ബോർഡ് അംഗങ്ങളായ ഇടതുപക്ഷ അനുകൂലികൾ തന്നെയാണ്. വാളയാർ കേസിന്റെ കാര്യമാണെങ്കിൽ സിബിഐ എന്ന കേന്ദ്ര ഏജൻസി ഒരു കുറ്റപത്രം തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടേയുള്ളൂ. ആർക്കും നിരപരാധിയായി സ്വയം വിധിയെഴുതാനോ കുറ്റപത്രത്തിലെ സൂചനകൾ വച്ച് മറ്റാരെയെങ്കിലും കുറ്റവാളിയായി മുദ്രകുത്താനോ സമയമായിട്ടില്ല. മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മക്കെതിരെ മന്ത്രി എം ബി രാജേഷ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര അധിക്ഷേപങ്ങൾ ഈ ഘട്ടത്തിൽ അനൗചിത്യം മാത്രമല്ല, മന്ത്രി എന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. സത്യം കോടതി വഴി പുറത്തു വന്നതിന് ശേഷം രാജേഷ് ആരെ വേണമെങ്കിലും ആക്രമിച്ചോളൂ, നമ്മൾ നിൽക്കുന്നത് കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ നീതിക്ക് ഒപ്പം മാത്രമാണ്. രണ്ട് കുഞ്ഞുങ്ങൾ ഒന്നിന് പുറകെ ഒന്നായി മരണപ്പെട്ടിട്ടും എന്തുകൊണ്ട് അന്നത്തെ പാലക്കാട് എം പി ആ വീടൊന്ന് സന്ദർശിക്കാൻ പോലും തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.
സമുദായ സംഘടനകളുടെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ കൈകടത്തലുകൾക്കെതിരെ ഒരു യുവജന നേതാവ് എന്ന നിലയിൽ 12-13 വർഷം മുൻപ് നടത്തിയ വിമർശനങ്ങൾ ഒരു വലിയ അപരാധമായി എം ബി രാജേഷ് ചിത്രീകരിക്കുന്നതിലും എനിക്കൊട്ടും അത്ഭുതമില്ല. എന്നാൽ ശരിയായ ഇടതു മനസ്സുള്ള നിരവധി പേർ അക്കാലത്ത് ആ വിമർശനങ്ങളുടെ സാംഗത്യം അംഗീകരിച്ച് എന്നെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അന്തരിച്ച ശ്രീ കോടിയേരി ബാലകൃഷ്ണൻ ആർജ്ജവമുള്ള ഇത്തരം നിലപാടുകളുടെ പേരിൽ നിയമസഭയിൽ പരസ്യമായി അഭിനന്ദിച്ചതും ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു. അതിന് ശേഷം 2016ൽ നടന്ന തെരഞ്ഞെടുപ്പിലും തൃത്താലയിൽ CPMന് അതെനിക്കെതിരെയുള്ള ഒരു പ്രചരണ വിഷയമായിരുന്നില്ല. 2021ൽ എം ബി രാജേഷ് സ്ഥാനാർത്ഥിയായി എത്തിയപ്പോഴാണ് അതൊരു ഇലക്ഷൻ വിഷയമായി മാറിയതും രാജേഷിന്റെ പ്രചരണ ടീം അത് ലഘുലേഖയായി സെലക്റ്റീവ് വീടുകളിൽ പ്രചരിപ്പിച്ചതും. സവർണ്ണ സംവരണത്തെ പിന്തുണച്ചും ന്യായീകരിച്ചും പാർട്ടി പത്രത്തിൽ ലേഖനമെഴുതി ചിലരുടെയൊക്കെ മുന്നിൽ നല്ലപിള്ള ചമയാനും തന്റെ ജാതീയമായ ഐഡന്റിറ്റി വോട്ടാക്കി മാറ്റാനും രാജേഷിന് നല്ല മിടുക്കുണ്ടെന്ന് ഞാൻ അംഗീകരിക്കുന്നു.
സാന്ദർഭികമായിപ്പറയട്ടെ, ഞാൻ ഫേസ്ബുക്ക് പ്രധാനമായും ഉപയോഗിക്കുന്നത് സംവരണമടക്കമുള്ള അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ എന്റെ പാർട്ടിയുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ നിലപാടുകൾ പ്രചരിപ്പിക്കുന്നതിനായാണ്. ഹിന്ദുത്വ സൈബർ മെഷീനറിയുടെ വിഷലിപ്ത പ്രചരണങ്ങളെ ചെറുക്കാനും സ്വന്തം നിലക്കും ആശയപ്രചോദിതരായ ഒരുപറ്റം സഹപ്രവർത്തകർ വഴിയും ഒരു പരിധി വരെ ഇന്ന് കഴിയുന്നുണ്ട്. സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോൺഗ്രസിലെ ഒരു പുതുതലമുറക്ക് സൈബർ സ്പേസിൽ പ്രചോദനമാവാൻ ഞാനടക്കമുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെത്തന്നെയാണ് കാണുന്നത്. എം ബി രാജേഷടക്കമുള്ള സിജെപിക്കാർക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതിൽ അത്ഭുതമില്ല.
ഒമ്പതര വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന CPM സർക്കാരിനേക്കുറിച്ചും നിരവധി വിമർശനങ്ങൾ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവും. പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊല്ലാക്കൊല ചെയ്ത പോലീസ് സംവിധാനത്തിനെതിരെയാണ് എന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റുകൾ. ഈ സംഭവം നടന്ന കുന്നംകുളം പോലീസ് സ്റ്റേഷന്റെ പരിധിയുടെ ഏറ്റവും അടുത്തുള്ള മന്ത്രി എം ബി രാജേഷാണ്. ആഭ്യന്തര വകുപ്പിന്റെ ഈ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല രാജേഷ് ഇതുവരെ, മിണ്ടുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.
ഏതായാലും ഒരൊറ്റ കാര്യം മാത്രം പറഞ്ഞ് ചുരുക്കുന്നു; നിങ്ങൾ ബിഹാറിലേക്ക് ചുമ്മാ "ഉറ്റു നോക്കി" ഇരുന്നോളൂ, ഞങ്ങളുടെ സഹപ്രവർത്തകർ അവിടെ തെരുവിൽ പോരാട്ടത്തിലാണ്. ബിജെപിയെ തകർത്തെറിയാൻ, ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ, വോട്ടിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ. ആ പോരാട്ടത്തെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണക്കാതെ ബിജെപിയുടെ വൈകാരിക പ്രൊപ്പഗണ്ടകൾ തലയിലേറ്റി നടക്കുന്ന നിങ്ങളുടെയൊക്കെ കുത്തിത്തിരിപ്പിനെ എളുപ്പം മനസ്സിലാക്കാൻ ഈ നാടിന് കഴിയും.

 
 
 
 
 
 
 
 
 
 
