നാഗലശ്ശേരി പഞ്ചായത്തിൽ ഏഴാം വാർഡിലെ മേനാത്ത് വിജയൻ - പ്രബിത ദമ്പതികളുടെ ആരോപണത്തിന് മറുപടിയുമായി പഞ്ചായത്ത് സാരഥികൾ രംഗത്തെത്തി.
ലൈഫ് മിഷൻ പ്രസിദ്ധീകരിച്ച മുൻഗണനാ ലിസ്റ്റ് മറികടന്നുകൊണ്ട് പഞ്ചായത്ത് ഭരണസമിതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രനും ഏഴാം വാർഡ് മെമ്പർ ഫൈസൽ ചോലക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആയിരത്തിലേറെ അപേക്ഷകളിൽ നിന്ന് ഉദ്യോഗസ്ഥ തലത്തിൽ പരിശോധന നടത്തി തെരഞ്ഞെടുത്ത 350 ലേറെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. ഇതിൽ പട്ടികജാതി വിഭാഗത്തിലുള്ള 161 കുടുംബങ്ങൾക്കും വീട് നൽകിക്കഴിഞ്ഞു. ജനറൽ വിഭാഗത്തിൽ 120 ഓളം പേർക്ക് ആനുകൂല്യം നൽകുന്നതിൻ്റെ ഭാഗമായി 91 ഗുണഭോക്താക്കൾ അഗ്രിമെൻ്റ് വെച്ചു കഴിഞ്ഞു. ആരോപണം ഉന്നയിച്ച വിജയൻ ജനറൽ വിഭാഗത്തിൽ 235-ാംനമ്പർ ഗുണഭോക്താവാണ്. അദ്ദേഹം അപേക്ഷ നൽകുന്ന സമയത്ത് ഭിന്നശേഷിയുള്ള കുട്ടി ജനിച്ചിട്ടില്ല. ഭിന്നശേഷിയുള്ള കുട്ടി ഉണ്ടെന്ന സർട്ടിഫിക്കറ്റ് പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ആനുകൂല്യത്തിന് തികച്ചും അവർ അർഹരാണ്. എന്നാൽ പ്രയോറിറ്റി മറികടക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയില്ല.
അതുകൊണ്ടുതന്നെ ആ കുടുംബത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് മുൻഗണന നൽകണമെന്ന് കാണിച്ച് ലൈഫ് മിഷൻ ഡയറക്ടർക്ക് പ്രമേയം പാസാക്കി അയച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മറ്റു തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണാജനകവും പഞ്ചായത്ത് ഭരണസമിതിയുടെ സൽകീർത്തി കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പഞ്ചായത്ത് സാരഥികൾ പറഞ്ഞു.

 
 
 
 
 
 
 
 
 
 
