പട്ടാസി: കൊപ്പത്ത് 16 കാരിക്ക് നേരിടേണ്ടി വന്നത് 5 വർഷം തുടർച്ചയായി ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ മാതാവിനും രണ്ടാനച്ഛനും ജീവ പര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. വിധി പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേത്.
16 വയസുകാരിയാണ് മാതാവിന്റെ അറിവോടെ രണ്ടാനച്ഛനിൽ നിന്ന് അഞ്ച് വർഷക്കാലമായി ലൈംഗികാതിക്രമം നേരിട്ടത്. ആറാം ക്ലാസ് വിദ്യാർഥിനിയായിരിക്കെയാണ് തുടക്കം. മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛൻ വീട്ടിൽ വെച്ചും പുറത്തുകൊണ്ടുപോയും ലൈംഗികാതിക്രമം നടത്തി.
2022 ൽ കൗൺസിലിങ്ങിനിടെ സ്കൂൾ അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊപ്പം എസ്ഐ എംബി രാജേഷാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ നോർത്ത് പാലൂർ സ്വദേശി ഇസ്ഹാക്ക്, ചുണ്ടമ്പറ്റ സ്വദേശിനി നുസ്രത്ത് എന്നിവർക്ക് ജീവ പര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവതക്ക് നൽകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ,അഡ്വ.സന്ദീപ് എന്നിവർ ഹാജരായി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും.
